നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ മതനിരപേക്ഷ ജാഗ്രതയ്ക്കുള്ള അംഗീകാരം: പ്രവാസി വെല്‍ഫെയര്‍

Web Desk
1 Min Read

ദോഹ: കേരളത്തിന്റെ മതനിരപേക്ഷതയുടെ ജാഗ്രതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് പ്രവാസി വെല്‍ഫെയര്‍ അഭിപ്രായപ്പെട്ടു. കുറച്ചുനാളുകളായി കേരളം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷ ജനാധിപത്യബോധത്തിന് തുരങ്കം വെക്കുന്ന സ്വഭാവത്തിലുള്ള സാമൂഹിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ദുഷ്ടശക്തികളെ പാഠം പഠിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇത്. അടിക്കടി സമൂഹത്തില്‍ ചിദ്രതയുണ്ടാക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങളും നടത്തുകയും പ്രസ്താവനകളും ഇറക്കുകയും ചെയ്യുന്ന സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്ന ഭരണകൂട നിലപാടിനുള്ള കനത്ത തിരിച്ചടിയുമാണ് ഈ ഫലം.

city exchange

ഇടതുപക്ഷം അതിന്റെ ദൗത്യം മറക്കുകയും പലപ്പോഴും സംഘപരിവാര്‍ അജണ്ടകള്‍ക്ക് വിധേയരാവുന്ന രീതിയില്‍ കേരളത്തിന്റെ സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും കുടപിടിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായിട്ടാണ് മൂന്ന് സീറ്റുകളില്‍ സംഘപരിവാര്‍ വിജയിച്ചത്. ഇക്കാര്യത്തില്‍ അതീവ ജാഗ്രത സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

കഴിഞ്ഞ 10 വര്‍ഷം കേരളത്തിലെ ഭരണം അമ്പേ പരാജയമായിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നില്ല. ഇതിന്റെ തെളിവാണ് മന്ത്രിമാരുടെ കൂട്ടത്തോല്‍വി.

അധികാരത്തിലെത്തുന്ന യു ഡി എഫിന് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിന് ഏറ്റിട്ടുള്ള പരിക്കുകള്‍ പരിഹരിക്കുക എന്നതാണ് അതില്‍ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. അതോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്ത സാധാരണക്കാര്‍ക്ക് നീതി നടപ്പിലാക്കാനും അവകാശങ്ങള്‍ നേടിക്കൊടുക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടാകും. ഇക്കാര്യത്തില്‍ വരാനിരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി വെല്‍ഫെയര്‍ പറഞ്ഞു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!