

കൊച്ചി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്ക് എ ഡി ഐ പി സ്‌കീം പ്രകാരം സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബെന്നി ബെഹന്നാന്‍ എം പിയുടെ സാന്നിധ്യത്തില്‍ എറണാകുളം ജില്ലാ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോ മുഖേനയാണ് വൈകല്യമുള്ളവര്‍ക്ക് കൃത്രിമ സഹായ ഉപകരണങ്ങള്‍, വീല്‍ചെയര്‍, ക്രച്ചസ്, സ്ട്രെച്ചര്‍, ശ്രവണ സഹായ ഉപകരണങ്ങള്‍, അന്ധരായ വ്യക്തികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ എന്നിവ വിതരണം നടത്തുന്നതെന്നും ഇതിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് താഴെതട്ടില്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് അങ്കണവാടി വര്‍ക്കര്‍മാര്‍ ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം ആവശ്യമാണെന്നും എം പി അറിയിച്ചു.

40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷി ഉളളവരും മാസ വരുമാനം 22500 രൂപ വരെ ഉള്ളവര്‍ക്കും ആണ് അര്‍ഹത. രണ്ടാംഘട്ടത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുമെന്ന് എം പി അറിയിച്ചു. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ബ്ലോക്ക് ഓഫീസ് കേന്ദ്രീകരിച്ച് ക്യാമ്പ് നടത്തുമെന്നും ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ക്യാമ്പുകളില്‍ ഭിന്നശേഷിക്കാരെ എത്തിക്കുന്നതിനാവശ്യമായ സഹായം ഉണ്ടാകുമെന്നും എം പി പറഞ്ഞു. അംഗനവാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് രജിസ്ട്രേഷന്‍ സംബന്ധിച്ച് പരിശീലനം നല്‍കുമെന്നും ചാലക്കുടി പാര്‍ലമെന്റ് മണ്ഡലപരിധിയില്‍പ്പെട്ട ത്രിതല തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, സി ഡി പി ഓമാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, ആശാവര്‍ക്കര്‍മാരുടെ ചാര്‍ജ്ജുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ഡി എം ഒ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, കോളേജിയേറ്റ് എജുക്കേഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍, എന്‍ എസ് എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നിവരുടെ യോഗം ഒരാഴ്ചയ്ക്കുള്ളില്‍ നടത്താമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ രജിസ്ട്രേഷന്‍ ആപ്പിന്റെ വിശദാംശങ്ങള്‍ യോഗത്തില്‍ വിശദീകരിച്ച് രജിസ്ട്രേഷനുള്ള പരിശീലനം താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കി രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണം. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എടുക്കുവാന്‍ കഴിയാത്ത അര്‍ഹതയുള്ള ആളുകള്‍ക്ക് ഉപകരണം വിതരണം ചെയ്യുന്നതിന്റെ കാര്യം പരിഗണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

