

കൊച്ചി: പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി മയക്ക് മരുന്നിനെതിരെ ശക്തമായ നടപടികളുമായി എക്‌സൈസ്- പൊലീസ്- എന്‍ സി ബി സംഘത്തിന്റെ സംയുക്ത മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥ സംഘം പ്രത്യേക ടീമുകളായി തിരിഞ്ഞ് കൊച്ചി നഗരത്തിലെ വിവിധ ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍, സ്പാകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവങ്ങളില്‍ പരിശോധനകള്‍ നടത്തുകയും വിവിധയിനം മയക്ക്മരുന്നുകള്‍ കണ്ടെത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എറണാകുളം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും എന്‍ സി ബി സ്‌പെഷ്യല്‍ ടീമും ചേര്‍ന്ന് എറണാകുളം നോര്‍ത്ത്, സൗത്ത്, ഇടപ്പള്ളി ഭാഗങ്ങളിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയതില്‍ നിന്നും ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക്ക് സ്‌കൂളിന് മുന്‍വശത്ത് ഹോട്ടല്‍ കെ പീസ് എന്ന സ്ഥാപനത്തിലെ മൂന്നാം നിലയിലെ 317-ാം നമ്പര്‍ റൂമില്‍ നിന്നും 560 ഗ്രാം ചരസ്, 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് 52 ഗ്രാം ഉണങ്ങിയ കഞ്ചാവ് എന്നിവയുമായി ഒരാളെ പിടികൂടി. പറവൂര്‍ മൂത്തകുന്നം സ്വദേശി ഫാബിന്‍ ഫ്രാന്‍സിസ് (27) ആണ് പിടിയിലായത്. ഇയാളെ റിമാന്റ് ചെയ്തു.

എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പി എഫ് സംഘവുമായി ചേര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ നാല് കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അബ്ദുല്‍ ഹമീദ് വിശ്വാസ് (41) എന്നയാളെ അറസ്റ്റ് ചെയ്തു.
എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഡാന്‍സാഫ്, എന്‍ സി ബി സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഭാഗങ്ങളിലെ സെനിയ എന്ന അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ 52 ഗ്രാം കഞ്ചാവുമായി കാക്കനാട് വികാസ് വാണി- തേങ്ങോട് സ്വദേശി ശ്രീരംഞ്ജ് (24) എന്നയാളെയും കസ്റ്റഡിയില്‍ എടുത്തു.
മയക്കുമരുന്നിനെതിരെ ന്യൂയറിനോടനുബന്ധിച്ച് പ്രത്യേക സ്‌പെഷ്യല്‍ ഡ്രൈവ് നടന്ന് വരികയാണെന്നും പരാതികള്‍ എക്‌സൈസിന്റെ കണ്‍ട്രോള്‍ റും നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്നും മയക്ക് മരുന്നിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എന്‍ സുദീര്‍ അറിയിച്ചു.

