അധികാരികളേ ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നു

Web Desk
4 Min Read

ന്യൂഡല്‍ഹി: പോഷകാഹാരക്കുറവുള്ള 33 ലക്ഷത്തിലേറെ കുട്ടികളാണ് ഇന്ത്യയിലുള്ളതെന്ന് ദേശീയ വനിതാ ശിശു വികസന വകുപ്പ് മന്ത്രാലയം. വാര്‍ത്താ ഏജന്‍സിയായ പി ടി ഐ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാമ് ദേശീയ വനിതാ ശിശു വികസന മന്ത്രാലയം ഈ കണക്ക് നല്കിയത്.

city exchange

2021 ഒക്ടോബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 17,76,902 കുട്ടികള്‍ ഗുരുതര പോഷകാഹാരക്കുറവുള്ളവരും 15,46,420 കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവുള്ളവരുമാണ്. മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് പോഷകാഹാര കുറവ് നേരിടുന്ന കുട്ടികളില്‍ പകുതിയിലധികം പേരുമുള്ളത്. ഈ സംസ്ഥാനങ്ങളാണ് രാജ്യത്ത് പോഷകാഹാരക്കുറവുള്ള കുട്ടികളുടെ കാര്യത്തില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ളത്. പോഷകാഹാര വിതരണത്തിന്റെ നിരീക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വികസിപ്പിച്ച ‘പോഷണ്‍ ട്രാക്കര്‍’ പ്രകാരം സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശത്തേയും കണക്കുകളാണ് ലഭ്യമായിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 33,23,322 കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്.

2020 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 9,27,606 ആയിരുന്നെങ്കില്‍ 2021 ഒക്ടോബര്‍ 14ലെ കണക്കുകളില്‍ അത് 17.76 ലക്ഷമായി ഉയര്‍ന്നു. 91 ശതമാനത്തിന്റെ ഭയാനകമായ വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും രണ്ടു തരത്തിലാണ് കണക്കുകള്‍ ശേഖരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ആറ് മാസം മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കില്‍ പോഷണ്‍ ട്രാക്കര്‍ വഴിയുള്ള പുതിയ കണക്ക് ശേഖരിച്ചത് പ്രായം കണക്കാക്കാതെ അംഗന്‍വാടികളില്‍ നിന്നും നേരിട്ടാണ്. ആദ്യത്തെ കണക്കില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം തൂക്കക്കുറവും വലുപ്പക്കുറവും പരിഗണിച്ചായിരുന്നു.

രണ്ടു രീതിയിലുള്ള കണക്കെടുപ്പുകള്‍ പരിഗണിച്ചാലും കുട്ടികളുടെ ആരോഗ്യനിലയിലെ പ്രശ്നങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്.

വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച ഉത്തരത്തില്‍ ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ 6,16,772 കുട്ടികളാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. അതില്‍ 1,57,984 കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവും 4,58,788 കുട്ടികള്‍ ഗുരുതര പോഷകാഹാരക്കുറവുമുള്ളവരാണ്.

രണ്ടാം സ്ഥാനത്തുള്ള ബീഹാറില്‍ 4,75,824 കുട്ടികള്‍ക്കാണ് പോഷകാഹാരക്കുറവുള്ളത്. അതില്‍ 3,23,741 കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവുള്ളവരും 1,52,083 പേര്‍ ഗുരുതര പോഷകാഹാരക്കുറവുള്ളവരുമാണ്.

മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിലാകട്ടെ 3,20,465 കുട്ടികളില്‍ പോഷകാഹാരക്കുറവുള്ളതില്‍ 1,55,101 പേര്‍ മിതമായ പോഷകാഹാരക്കുറവും 1,65,364 ഗുരുതര പോഷകാഹാരക്കുറവും നേരിടുന്നവരാണ്. ആന്ധ്രാപ്രദേശിലെ പോഷകാഹാരക്കുറവുള്ള 2,67,228 കുട്ടികളില്‍ 69,274 പേര്‍ മിതമായ പോഷകാഹാരക്കുറവുള്ള കുട്ടികളും 1,97,954 പേര്‍ ഗുരുതര പോഷകാഹാരക്കുറവുള്ളവരുമാണ്. കര്‍ണാടകയിലെ 2,49,463 കേസുകളില്‍ 1,82,178 പേര്‍ മിതമായ പോഷകാഹാരക്കുറവുള്ള കുട്ടികളും 67,285 പേര്‍ ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളുമാണ്.

ഉത്തര്‍പ്രദേശില്‍ 1,86,640 കുട്ടികള്‍ക്കാണ് പോഷകാഹാരക്കുറവുള്ളത്. ഇതില്‍ 1,14,094 കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവ് നേരിടുമ്പോള്‍ 72,546 കുട്ടികളും ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരാണ്. ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയുടെ കണക്കെടുക്കുമ്പോള്‍ 1,17,345 കുട്ടികളാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. അതില്‍ 20,122 കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവും 97,223 കുട്ടികള്‍ ഗുരുതര പോഷകാഹാരക്കുറവുള്ളവരുമാണ്.

തമിഴ്നാട്ടില്‍ 1,78,060 കുട്ടികള്‍ക്കാണ് പോഷകാഹാരക്കുറവ് കണ്ടെത്തിയത്. ഇതില്‍ 1,20,076 പേര്‍ മിതമായ പോഷകാഹാരക്കുറവും 57,984 കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവുമാണ് നേരിടുന്നത്.

അസമിലാകട്ടെ 1,76,462 കുട്ടികള്‍ പോഷകാഹാരക്കുറവുള്ളതായിരിക്കെ അതില്‍ 1,17,016 പേര്‍ മിതമായ പോഷകാഹാരക്കുറവും 59,446 പേര്‍ ഗുരുതര പോഷകാഹാരക്കുറവും അുഭവിക്കുന്നു.

തെലങ്കാനയില്‍ 1,52,524 കുട്ടികള്‍ക്കാണ് പോഷകാഹാരക്കുറവുള്ളത്. ഇതില്‍ 95,033 കുട്ടികള്‍ മിതമായതും 57,491 പേര്‍ ഗുരുതരമായതുമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.

കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് റൈറ്റ്സ് ആന്റ് യുവിന്റെ സി ഇ ഒ പൂജ മര്‍വാഹ പറയുന്നതു പ്രകാരം കോവിഡ് വ്യാപനം സാമൂഹ്യ- സാമ്പത്തിക മേഖലകളെ മുഴുവന്‍ ബാധിച്ചുവെന്നാണ്. കഴിഞ്ഞ പതിറ്റാണ്ടിലുണ്ടാക്കിയ വ്യത്യസ്ത പുരോഗതികളെ കോവിഡിന് തകര്‍ക്കാനായതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതോടെ കുട്ടികളുടെ വികാസത്തിന് ആവശ്യമായ പദ്ധതികളും ഉച്ച ഭക്ഷണ പദ്ധതികളും തടസ്സപ്പെട്ടു. ഇത് ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളുടെ ജീവിതത്തെ ബാധിക്കുകയായിരുന്നു. ഇത്തരം കുട്ടികള്‍ വ്യാപകമായി ആശ്രയിച്ചിരുന്നത് ഇത്തരം സേവനങ്ങളെയായിരുന്നുവെന്നും മര്‍വാഹ പി ടി ഐയോട് പറഞ്ഞു.

പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് അണുബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ തങ്ങളുടെ കഴിവിന്റെ വളരെ കുറച്ചു മാത്രം പ്രകടമാക്കാനുമേ സാധിക്കുകയുള്ളുവെന്നും അപ്പോളോ ആശുപത്രി ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറും മുതിര്‍ന്ന പീഡിയാട്രീഷനുമായ അനുപം സിബല്‍ പറഞ്ഞു. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ വളരെ ആത്മാര്‍ഥമായ പരിശ്രമങ്ങളാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗര്‍ഭിണിയായിരിക്കെ മാതാവിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാവുകയും ഏറ്റവും ചുരുങ്ങിയത് ആറു മാസമെങ്കിലും മുലകൊടുക്കുകയും വേണമെന്നും ഡോ. സിബല്‍ പി ടി ഐയോടു പറഞ്ഞു.

പോഷകാഹാരക്കുറവ് കണ്ടെത്തുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയും പ്രത്യേക തെറാപ്പികളിലൂടെയും ഭക്ഷ്യ രീതികളിലൂടേയും തിരികെയെത്തിക്കാനുള്ള ശ്രമം നടത്തുകയും വേണമെന്ന് പറാസ് ഹോസ്പിറ്റല്‍സ് പീഡിയാട്രിക്സ് ആന്റഅ നിനറ്റോളജി വിഭാഗം തലവന്‍ മനീഷ് മന്നന്‍ പറഞ്ഞു. പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട് മറ്റു രോഗങ്ങളൊന്നും പിടിപെട്ടിട്ടില്ലെന്നു ഉറപ്പു വരുത്തുകയും വേണം. ഡയബറ്റിസ്, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് പിടിപെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2015- 16 വര്‍ഷത്തില്‍ നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള 38.4 ശതമാനം കുട്ടികളാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദേശീയ കുടുംബാരോഗ്യ സര്‍വേ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കുട്ടികളിലെ പോഷകാഹാരക്കുറവ് ഇന്ത്യയില്‍ വര്‍ധിക്കുകയാണ് ചെയ്തത്.

ആഗോള വിശപ്പ് ഇന്‍ഡക്സ് പ്രകാരം 2021ല്‍ ഇന്ത്യ 116 രാജ്യങ്ങളില്‍ 101-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. 2020ല്‍ 94-ാം റാങ്കുണ്ടായിരുന്നു ഇന്ത്യയ്ക്ക്. അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയേക്കാള്‍ ഏറെ പിറകിലാണ് ഇന്ത്യയുടെ സ്ഥാനം.

Share This Article
Leave a Comment
error: Content is protected !!