

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയാണ് കര്‍ഷകരുടെ സമരമെന്ന് പറഞ്ഞവര്‍ രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നത് കണ്ണുതുറന്നു കാണണമെന്ന് രാകേഷ് ടികായത് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയിലെ ഭാരത് ബന്ദ് വലിയ വിജയമാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു.

കര്‍ഷക സമരം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയാണെന്നു പറഞ്ഞവരുടെ മുഖത്തേറ്റ അടിയാണ് കര്‍കരുടെ ഭാരത് ബന്ദ് വിജയമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
കര്‍ഷകര്‍ക്ക് പുറമേ മറ്റ് തൊഴിലാളികളും വ്യവസായികളും ട്രേഡ് യൂണിയനുകളും ബന്ദിനെപിന്തുണച്ചതായും 10 മണിക്കൂര്‍ നീണ്ടുനിന്ന രാജ്യവ്യാപക സമരത്തിന്റെ സമാപനചടങ്ങില്‍ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പിന്തുണ ലഭിച്ചു. ഭാരത് ബന്ദിനോടനുബന്ധിച്ച സമരപരിപാടികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കിയതിന് സമരക്കാരോട് നന്ദി പറഞ്ഞ ടികായത്ത് കാര്യമായ അക്രമസംഭവങ്ങളൊന്നും എവിടെയും ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.
കര്‍ഷക വിരുദ്ധമായ മൂന്ന് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയും കാര്‍ഷികവിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പഞ്ചാബും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളില്‍ പല സ്ഥലങ്ങളിലും സമരക്കാര്‍ ദേശീയപാതകളും റെയില്‍വേ ട്രാക്കുകളും ബ്ലോക്ക് ചെയ്തു. കുറച്ചുപേര്‍ക്ക് ബന്ദ് കാരണം ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന് അറിയാമെന്നും കര്‍ഷകര്‍ക്ക് വേണ്ടി അതെല്ലാം മറക്കണമെന്നും ടികായത് ചടങ്ങില്‍ ആവശ്യപ്പെട്ടു.
സ്വന്തം വീടും കുടുംബവും വിട്ട് 10 മാസത്തോളമായി കര്‍ഷകര്‍ തെരുവിലാണ്. എന്നാല്‍ ഇവിടുത്തെ സര്‍ക്കാര്‍ ഇതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. ഈയവസരത്തില്‍ സമരം ചെയ്യുകയല്ലാതെ മറ്റൊരു വഴിയും ജനാധിപത്യരീതിയിലില്ല. എത്രയും വേഗം കര്‍ഷകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

