റിപ്പോര്‍ട്ടര്‍ ടി വിക്ക് നേരെയുണ്ടായത് മാധ്യമ അടിയന്തരാവസ്ഥയെന്നും പൊലീസ് അതിക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബഹ്റൈന്‍ പ്രതിഭ

Web Desk
1 Min Read

മനാമ: കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി വി ആസ്ഥാനത്തുണ്ടായ പൊലീസ് നടപടിയില്‍ ബഹ്റൈന്‍ പ്രതിഭ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂസ് ഡെസ്‌കില്‍ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത പൊലീസ് നടപടിയെ അപലപിക്കുന്നുവെന്ന് ബഹ്റൈന്‍ പ്രതിഭ പത്രക്കുറിപ്പില്‍ അറിയിച്ചു.

city exchange

കേസ് അന്വേഷണത്തിന്റെ മറവില്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വ്യക്തമായ ‘മാധ്യമ അടിയന്തരാവസ്ഥ’യാണെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ അന്വേഷണത്തിന്റെ പേരില്‍ ചാനല്‍ ഓഫീസിലെത്തിയ പൊലീസ് സംഘം അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന് പകരം നേരിട്ട് ലൈവ് വാര്‍ത്തകള്‍ തയാറാക്കുന്ന ന്യൂസ് ഡെസ്‌കിലേക്ക് ഇരച്ചുകയറുകയായിരുന്നു. ലൈവ് പ്രക്ഷേപണത്തിന് തയാറെടുത്ത മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഒന്നര മണിക്കൂറോളം ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദമാക്കാനുള്ള തരംതാഴ്ന്ന നീക്കമായേ കാണാന്‍ കഴിയൂ .

അന്വേഷണത്തിന്റെ പേരിലായാലും വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തുകയും എഡിറ്ററുടെ കസേരയില്‍ കയറിയിരുന്ന് ന്യൂസ് ഡെസ്‌കിന്റെ പ്രവര്‍ത്തനം നിലയ്ക്കാവുന്ന രീതിയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പൊലീസ് രീതിയും ജനാധിപത്യ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത ഇത്തരം അമിതാധികാര പ്രയോഗങ്ങളും പൊലീസ് ഗുണ്ടായിസവും ഒരിക്കലും ന്യായീകരിക്കാനാകില്ല.

മോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നടത്തുന്നതിന് സമാനമായി, മാധ്യമങ്ങള്‍ സ്തുതി പാടിയില്ലെങ്കില്‍ അവരെ വേട്ടയാടുകയും സ്ഥാപനങ്ങള്‍ പൂട്ടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലും നടക്കുന്നത്. ഇത് അന്വേഷണമല്ല, മറിച്ച് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത മുഴുവന്‍ മാധ്യമങ്ങള്‍ക്കുമുള്ള വ്യക്തമായ മുന്നറിയിപ്പാണ്.

- Advertisement -
Ad image

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടപ്പിലാക്കുന്ന ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും കടന്നാക്രമണത്തിനും സര്‍ക്കാരും ആഭ്യന്തര വകുപ്പും മറുപടി പറയണം. ന്യൂസ് ഡെസ്‌കില്‍ കയറി അതിക്രമം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും മാധ്യമങ്ങളെ വേട്ടയാടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ഈ ജനാധിപത്യ വിരുദ്ധ നടപടിയെ അപലപിക്കുന്നുവെന്നും പ്രതിഭ ജനറല്‍ സെക്രട്ടറി വി കെ സുലേഷും പ്രസിഡണ്ട് കെ വി മഹേഷും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!