
വാഷിംഗ്ടണ്‍: ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതും സംബന്ധിച്ച് വാഷിംഗ്ടണ്‍ ഫോറത്തില്‍ ചര്‍ച്ച. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി ഫോറത്തില്‍ പങ്കെടുത്തു.

അമേരിക്കയിലെ ഖത്തര്‍ എംബസിയുമായി സഹകരിച്ച് കോണ്‍കോര്‍ഡിയ സംഘടിപ്പിച്ച വാഷിംഗ്ടണ്‍ ഫോറത്തിലാണ് അല്‍ അന്‍സാരി പങ്കെടുത്തത്.

ഖത്തര്‍- യു എസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലകള്‍ വിപുലീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഫോറത്തിലെ പ്രസംഗത്തില്‍ അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി. പരസ്പര താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്ന തരത്തിലായിരിക്കണം സഹകരണമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും ഉഭയകക്ഷി ബന്ധങ്ങളും ഫോറത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങള്‍ക്കും പൊതുതാത്പര്യമുള്ള പ്രധാന പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയുടെ ഭാഗമായി.
നിലവിലെ വിവിധ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുന്നതിനും പൊതുവായ വെല്ലുവിളികളെ നേരിടുന്നതില്‍ സംഭാഷണം, സഹകരണം, അന്തര്‍ദേശീയ പങ്കാളിത്തം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും ഫോറം അവസരമൊരുക്കി.

