
മനാമ: അടിയന്തര സൈറണുകള്‍ ശ്രദ്ധിക്കുകയും സൈറണുകളില്‍ നിന്ന് ഒരേപോലെയുള്ള നീണ്ട ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ അത് ഉടനടി സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള നിര്‍ദ്ദേശമാണെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പൗരന്മാരേയും താമസക്കാരേയും അറിയിച്ചു. ശബ്ദം സാവധാനം കുറഞ്ഞു നില്‍ക്കുന്നത് ഭീഷണി ഒഴിഞ്ഞു എന്നതിനെ സൂചിപ്പിക്കുന്നു.

സുരക്ഷിതമായി വീടിനുള്ളില്‍ കഴിയുക, അപകട സൂചന ലഭിച്ചാല്‍ ഉടന്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകള്‍ക്കുള്ളിലോ തൊട്ടടുത്തുള്ള സുരക്ഷിത കെട്ടിടങ്ങളിലോ അഭയം തേടുക, വാഹനമോടിക്കുന്നവര്‍ വണ്ടി സുരക്ഷിതമായി ഒതുക്കി നിര്‍ത്തി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം നല്‍കി.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഒഴിവാക്കുകയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെയോ ഡ്രോണ്‍ ആക്രമണങ്ങളുടെയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീടിന് മുകളിലോ തുറസ്സായ സ്ഥലങ്ങളിലോ പോകരുതെന്നും ഇത് ജീവന് വലിയ ഭീഷണിയാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ സൈനിക നീക്കങ്ങളുടെ ദൃശ്യങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

