Connect with us

Featured

ബെയ്‌റൂത്തില്‍ അറബ് സുസ്ഥിര വികസന ഫോറത്തില്‍ ഖത്തര്‍ പങ്കെടുത്തു

Published

on


ബെയ്‌റൂത്ത്: ഖത്തര്‍ സാമൂഹിക വികസന, കുടുംബ മന്ത്രാലയം പ്രതിനിധികള്‍ ലെബനനിലെ ബെയ്‌റൂത്തില്‍ നടക്കുന്ന സുസ്ഥിര വികസന അറബ് ഫോറത്തില്‍ പങ്കെടുത്തു.

വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും ഐക്യരാഷ്ട്രസഭയുടെ സംഘടനകള്‍, സിവില്‍ സൊസൈറ്റി, സ്വകാര്യ മേഖല എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കുന്ന ഫോറം യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ ആണ് സംഘടിപ്പിക്കുന്നത്.

നവംബറില്‍ ദോഹയില്‍ നടക്കാനിരിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി നടക്കുന്ന ഫോറത്തില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ സാമൂഹിക വികസന, കുടുംബ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമിയാണ് നയിക്കുന്നത്. ന്യായവും സമഗ്രവുമായ വികസന തത്വങ്ങളോടും മേഖലയിലെ സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള സംയുക്ത അറബ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമുള്ള ഖത്തറിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഫോറത്തിന്റെ ഭാഗമായി സാമൂഹിക വികസന കുടുംബ മന്ത്രി ലെബനന്‍ റിപ്പബ്ലിക്കിന്റെ സാമൂഹിക കാര്യ മന്ത്രി ഹനീന്‍ അല്‍ സയീദുമായി കൂടിക്കാഴ്ച നടത്തി.

ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുക, പ്രതിസന്ധികളോട് പ്രതികരിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളില്‍ വികസന ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനും അനുഭവ കൈമാറ്റത്തിനുമുള്ള അവസരങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ സാമൂഹികകാര്യ മന്ത്രി ഹിന്ദ് കബാവത്തുമായും അവര്‍ കൂടിക്കാഴ്ച നടത്തി. സാമൂഹിക നയങ്ങള്‍ വികസിപ്പിക്കുന്നതിലും സമൂഹ സംരക്ഷണം വര്‍ധിപ്പിക്കുന്നതിലും ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക ശാക്തീകരണത്തിലും വൈദഗ്ധ്യം കൈമാറുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതുവഴി അറബ് രാജ്യങ്ങളുടെ പൊതുവായ സാമൂഹിക വെല്ലുവിളികളോടുള്ള പ്രതികരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.


error: Content is protected !!