

തായ്‌പേയ് സിറ്റി: തായ്‌വാന് സമീപം ഭൂകമ്പമാപിനിയില്‍ 7.5 രേഖപ്പെടുത്തിയ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം ഒന്‍പത് മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്പത്തെ തുടര്‍ന്ന് തെക്കന്‍ ജാപ്പനീസ് ദ്വീപുകളില്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ഏജന്‍സി പറയുന്നതനുസരിച്ച് മിയാകോജിമ ദ്വീപ് ഉള്‍പ്പെടുന്ന തായ്വാനിനടുത്തുള്ള വിദൂര ജാപ്പനീസ് ദ്വീപുകളില്‍ മൂന്ന് മീറ്റര്‍ (10 അടി) വരെ ഉയരത്തിലുള്ള സൂനാമി തിരമാലകളാണ് പ്രതീക്ഷിക്കുന്നത്.

ഭൂചലനത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തായ്വാന്‍ ടെലിവിഷന്‍ സ്റ്റേഷനുകളില്‍ തകര്‍ന്ന ചില കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂകമ്പത്തിന്റെ അലയൊലികള്‍ ചൈനയിലെ ഷാങ്ഹായ് വരെ അനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തായ്വാന്‍ ദ്വീപിന്റെ കിഴക്കന്‍ തീരപ്രദേശത്ത് കിഴക്കന്‍ കൗണ്ടി ഹുവാലിയന്‍ തീരത്തിനടുത്തായിരുന്നുവെന്ന് തായ്‌വാന്‍ സെന്‍ട്രല്‍ വെതര്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
ഒകിനാവയുടെ തെക്കന്‍ പ്രിഫെക്ചറിന്റെ തീരപ്രദേശങ്ങളില്‍ ജാപ്പനീസ് അധികൃതര്‍ ഒഴിപ്പിക്കല്‍ ഉപദേശം നല്‍കി.
വിവിധ പ്രവിശ്യകളിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ഫിലിപ്പീന്‍സ് സീസ്‌മോളജി ഏജന്‍സി ഉയര്‍ന്ന സ്ഥലത്തേക്ക് ഒഴിഞ്ഞുമാറാന്‍ അഭ്യര്‍ഥിച്ചു.
ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ഫുഷൗ, സിയാമെന്‍, ക്വാന്‍ഷൗ, നിങ്ഡെ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

