
ദോഹ: ജെ എല്‍ എല്‍ പ്രസിദ്ധീകരിച്ച 2026ലെ ആഗോള റിയല്‍ എസ്റ്റേറ്റ് സുതാര്യതാ സൂചികയില്‍ ഖത്തര്‍ മുന്നേറ്റം രേഖപ്പെടുത്തി. 88 ആഗോള വിപണികളില്‍ ഖത്തര്‍ 63-ാം സ്ഥാനത്തെത്തി. 2024ല്‍ 68-ാം സ്ഥാനത്തായിരുന്നു ഖത്തര്‍. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയായ അഖാറാത്ത് ആണ് ഇക്കാര്യം അറിയിച്ചത്.

2026ല്‍ ഗള്‍ഫ് രാജ്യങ്ങളുടെ റിയല്‍ എസ്റ്റേറ്റ് വിപണികളില്‍ മേഖലാതലത്തില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടായതായും റിയല്‍ എസ്റ്റേറ്റ് വിവരങ്ങളുടെ ലഭ്യതയും സുതാര്യതയും മെച്ചപ്പെട്ടതായും അഖാറാത്ത് എക്സ് അക്കൗണ്ടിലെ കുറിപ്പില്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച പത്ത് വിപണികളിലൊന്നായും ഖത്തര്‍ ഇടംപിടിച്ചു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിക്കുക, സുതാര്യത ഉറപ്പാക്കുക, കൂടുതല്‍ കാര്യക്ഷമമായ വിപണി സംവിധാനം കെട്ടിപ്പടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഖത്തറും അഖാറാത്തും തുടരുകയാണെന്ന് അതോറിറ്റി അറിയിച്ചു. നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുക, ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ആകര്‍ഷണീയത ഉയര്‍ത്തുക, മേഖലയുടെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുക എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യം.
ആഗോള റിയല്‍ എസ്റ്റേറ്റ് സുതാര്യതാ സൂചിക ലോകമെമ്പാടുമുള്ള നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ പ്രധാനപ്പെട്ട മാനദണ്ഡമായി പരിഗണിക്കുന്നതാണ്. വിവിധ റിയല്‍ എസ്റ്റേറ്റ് വിപണികളിലെ അപകടസാധ്യത, സുതാര്യത, വിവരങ്ങളുടെ ലഭ്യത എന്നിവയാണ് ജെ എല്‍ എല്‍ പ്രസിദ്ധീകരിക്കുന്ന ഈ സൂചിക വിലയിരുത്തുന്നത്.

