

ദോഹ: ഊര്‍ജ്ജസ്വലതയും യുവാവിന്റെ ചടുലതയും ചേര്‍ന്നാല്‍ എടയാടി ബാവ ഹാജിയാകും. കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങളാണ് അദ്ദേഹം വഹിച്ചത്.

കെ എം സി സിയില്‍ നിറഞ്ഞു നിന്ന ആ വ്യക്തിത്വത്തിന്റെ പാര്‍ട്ടിയോടുള്ള ആത്മാര്‍ഥതയും സംഘടനയോടുള്ള കൂറും എടുത്തു പറയേണ്ടത് തന്നെയാണ്. കെ എം സി സിയുടെ വിവിധ പരിപാടികള്‍ വരുമ്പോള്‍ അദ്ദേഹം കാണിക്കുന്ന ഉത്സാഹം എങ്ങനെ വര്‍ണിച്ചാലാണ് മതിയാവുകയെന്നറിയില്ല.

കെ എം സി സി നടത്തുന്ന വ്യത്യസ്ത പരിപാടികള്‍ പോലെ അക്കാലത്ത് ചന്ദ്രിക പ്രചരണം വരുമ്പോള്‍ അദ്ദേഹം കാണിച്ച താത്പര്യം എല്ലാവര്‍ക്കും മാതൃകയാണ്. ചന്ദ്രികയ്ക്ക് വരിക്കാരെ ചേര്‍ക്കാനും പത്രം എത്തിക്കാനുമൊക്കെ വലിയ ഉത്സാഹമാണ് അദ്ദേഹത്തിന്റെ പക്ഷത്തുനിന്നും ഉണ്ടായിരുന്നത്.
മുസ്‌ലിം ലീഗിന്റേയും കെ എം സി സിയുടേയും അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. ഏത് പ്രായത്തിലും ഏത് പ്രദേശത്തുമുള്ള ആരാായാലും ചിരിച്ചുകൊണ്ടും മികച്ച സ്വഭാവത്തോടെയുമായിരുന്നു അദ്ദേഹം പെരുമാറിയിരിക്കുന്നത്.
മുസ്‌ലിം ലീഗിനും കെ എം സി സിക്കും വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ എല്ലാ ദിവസവും ജോലി കഴിഞ്ഞ് കെ എം സി സി ഓഫിസിലെത്തുകയും അവിടുത്തെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും ചെയ്യുന്നത് ഇപ്പോഴും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ അദ്ദേഹം വിഷയം അവതരിപ്പിക്കുമ്പോള്‍ ഫലിതത്തിന്റെ അകമ്പടി അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ബാവ ഹാജി സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അംഗങ്ങളെല്ലാം രസിച്ചും ആസ്വദിച്ചുമാണ് അദ്ദേഹത്തെ കേട്ടിരുന്നത്.

