

തൊടുപുഴ: വാടക കൊടുക്കാന്‍ ഇല്ലാത്തതിന്റെ പേരില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്ന കുടുംബത്തിനു കൈത്താങ്ങായി അമേരിക്കന്‍ മലയാളി കൂട്ടായ്മ. സ്വന്തമായി ഒരു വീട് ഒരുക്കി നല്കിയാണ് അമേരിക്കന്‍ മലയാളി സംഘടനയായ കേരളസമാജം ഓഫ് ഫ്‌ളോറിഡ മാത്യുവിനും കുടുംബത്തിനും തണലൊരുക്കിയത്.

ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണു മുതലക്കോടം കാഞ്ഞിരംപാറയില്‍ അഞ്ച് സെന്റ് ഭൂമിയില്‍ 700 സ്‌ക്വയര്‍ ഫീറ്റ് വീട് ഏഴുലക്ഷം രൂപ ചെലവില്‍ ഒരുക്കിയത്. പി ജെ ജോസഫ് എം എല്‍ എ താക്കോല്‍ മാത്യു പള്ളിത്താഴത്തിനും കുടുംബത്തിനും കൈമാറി. മാത്യുവിനും കുടുംബത്തിനും വീട് ഒരുക്കുന്നതിനു മുന്നില്‍ നിന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നതായി പി ജെ ജോസഫ് പറഞ്ഞു. നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തിലൂടെ അന്യരുടെ കണ്ണീര്‍ തുടക്കാനുള്ള മനസ് കാണാതെ പോകാന്‍ കഴിയില്ലെന്നും ഇതൊരു സ്നേഹവീടാണെന്നും പറഞ്ഞ പി ജെ ജോസഫ് ഒത്തിരി പേരുടെ സ്നേഹവും ത്യാഗവും ഈ വീടിനു പിന്നിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സ്നേഹം പങ്കുവയ്ക്കപ്പെടുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണെന്നും പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.

കൂലിപ്പണിക്കാരനായ മാത്യുവിനും കുടുംബത്തിനും വീടില്ലെന്ന വാര്‍ത്ത അറിഞ്ഞാണ് സഹായവുമായി ഇവര്‍ എത്തിയത്. കേരള സമാജം ഓഫ് ഫ്‌ളോറിഡ 2020 പ്രസിഡന്റ് ജോജി ജോണ്‍, ജോഷി മാണി ഓലേടത്തില്‍, ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ്, ജോയി കല്ലങ്കല്‍കുടിയില്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം .മോനിച്ചന്‍, കേരളസമാജം സൗത്ത് ഫ്ളോറിഡ ഇടുക്കി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ക്ലമന്റ് ഇമ്മാനുവേല്‍, സി എസ് ഡി എസ് തൊടുപുഴ താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.
വീട് നിര്‍മ്മിക്കാനായി അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത് ജോഷി മാണി ഓലേടത്തില്‍ ആണ്. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

