

കൊച്ചി: കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ആര്‍ക്കിടെക്ടിനെതിരെ കേസെടുക്കാന്‍ നല്കിയ നിര്‍ദ്ദേശം പ്രതിഷേധാര്‍ഹമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആരക്കിടെക്ട്‌സ് കേരള ചെയര്‍മാന്‍ എല്‍ ഗോപകുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മാണച്ചുമതല പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാത്രം നിയന്ത്രണത്തിലാണെന്നിരിക്കെ ആര്‍ക്കിടെക്ടുകളെ ഇതില്‍ ഉള്‍പ്പെടുത്തുന്നത് അപലപനീയമാണ്. സ്ട്രക്ടചറല്‍ ഡിസൈന്‍, കരാര്‍ കൊടുക്കല്‍, നിര്‍മാണ മേല്‍നോട്ടം തുടങ്ങിയവയെല്ലാം പൊതുമരാമത്ത് വകുപ്പിന്റേയോ ഇതര സര്‍ക്കാര്‍ വകുപ്പിന്റെയോ കീഴില്‍ മാത്രമാണ് നടക്കുന്നത്. സ്വകാര്യ കെട്ടിടങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിപൂര്‍ണ നിര്‍മാണച്ചുമതല ഒരിക്കലും ആര്‍ക്കിടെക്ടുകളെ ഏല്‍പ്പിക്കാറില്ല. പ്രാഥമിക രൂപകല്‍പ്പനയ്ക്ക് തുച്ഛമായ പ്രതിഫലം നല്കി ആര്‍ക്കിടെക്ടുകളെ ഒഴിവാക്കാറാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സത്യം ഇതായിരിക്കെ കെട്ടിടത്തിനുണ്ടാകുന്ന ബലക്ഷയം, നിര്‍മാണത്തിലെ അപാകതകള്‍ എന്നിവയ്ക്കൊക്കെ ആര്‍ക്കിടെക്ടുകള്‍ എങ്ങനെ ഉത്തരവാദികളാകുമെന്നും എല്‍ ഗോപകുമാര്‍ ചോദിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നടത്തുന്ന അഴിമതിയുടെ ഭാഗമായാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. അത്തരക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. അതിനുപകരം നിരപരാധികളെ ബലിയാടാക്കി യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം ശരിയല്ലെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് കേരള ഘടകം ചൂണ്ടിക്കാട്ടി.

