
ന്യൂഡല്‍ഹി: അങ്കമാലി, ആലുവ, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് ഇവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രധാന സ്റ്റേഷനുകളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനന്‍ എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള അങ്കമാലി, ചാലക്കുടി, ആലുവ റെയില്‍വേ സ്റ്റേഷനുകളുടെ സേവനം പ്രതിവര്‍ഷം ഒരു കോടിയിലധികം യാത്രക്കാര്‍ക്കാണ് ഗുണം ചെയ്യുന്നത്. അതില്‍ 36.95 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും ഉള്‍പ്പെടുന്നതായും എം പി ചൂണ്ടിക്കാട്ടി.

ആലുവയില്‍ ട്രിവാന്‍ഡ്രം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സിനും ചാലക്കുടിയില്‍ പാലരുവി എക്‌സ്പ്രസിനും അങ്കമാലിയില്‍ ഏറനാട് എക്‌സ്പ്രസിനും സ്റ്റോപ്പുകള്‍ അനുവദിക്കണം. ഒപ്പം ആലുവ റെയില്‍വേ സ്റ്റേഷനില്‍ പടിഞ്ഞാറന്‍ പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, ആധുനിക പാര്‍ക്കിംഗ് സൗകര്യം, ഫുട് ഓവര്‍ബ്രിഡ്ജിന്റെ പ്രോപ്പര്‍ പരിപാലനം, ലിഫ്റ്റ്, എസ്‌കലേറ്റര്‍ തുടങ്ങിയ യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും എം പി മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
