
മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനായ അബ്ദുറസാഖ് ഹാജി ഇടിയങ്ങര ബഹ്‌റൈനിലെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാടണയുന്നു. 1991ല്‍ പവിഴ ദ്വീപിലേക്ക് ജീവിതം പറിച്ചുനട്ട അബ്ദു റസാഖ് ഹാജിക്ക് ബഹ്‌റൈന്‍ എന്നത് വെറും തൊഴിലിടം മാത്രമായിരുന്നില്ല. ജോലി കഴിഞ്ഞുള്ള ഒഴിവു സമയം മുഴുവന്‍ സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായി അദ്ദേഹം നിറഞ്ഞു നിന്നു.

ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം ഉമ്മുല്‍ ഹസം ഏരിയാ കമ്മിറ്റി നിലവില്‍ വന്നത് മുതല്‍ സജീവപ്രവര്‍ത്തകനായും വിവിധ ഘടകങ്ങളില്‍ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) എന്ന പേരില്‍ പ്രവാസലോകത്ത് ഏകീകൃത രൂപത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ദീര്‍ഘകാലം ഉമ്മുല്‍ ഹസം റീജിയന്‍ പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവില്‍ സംഘടനയുടെ ബഹ്‌റൈന്‍ നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ടായി സേവനം ചെയ്യുകയാണ്.

അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും സേവന സന്നദ്ധതയും ഉമ്മുല്‍ ഹസമിലും പരിസരങ്ങളിലും ഐ സി എഫിന് വലിയ ജനപിന്തുണയും ഊര്‍ജ്ജവും പകര്‍ന്നതായിരുന്നു.
35 വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ നാട്ടിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് സംരംഭങ്ങള്‍ക്കും അകമഴിഞ്ഞ് പിന്തുണ നല്‍കിയ അദ്ദേഹം ഫറൂഖ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാദിസിയ്യ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ ബഹ്‌റൈന്‍ കമ്മിറ്റി പ്രസിഡണ്ട് കൂടിയാണ്. തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രയാസപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ഥത്ഥ്യവുമായിട്ടാണ് റസാഖ് ഹാജി ബഹ്റൈനിനോട് വിട പറയുന്നത്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ചെയ്ത തീര്‍ത്ത, തന്നാലാവുന്ന സേവനങ്ങളുടെ ചാരിതാര്‍ഥ്യത്തോടെ 22ന് നാട്ടിലേക്ക് പോകുന്ന അബ്ദുറസാഖ് ഹാജിക്ക് ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റിയും ഉമ്മുല്‍ ഹസം റീജീയന്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യാത്രയയപ്പ് സംഗമം ഇന്ന് രാത്രി എട്ടിന് ഉമ്മുല്‍ ഹസം സുന്നി സെന്ററില്‍ നടക്കും.

