ബ്ലൂംബര്‍ഗ് സമ്പന്ന പട്ടികയില്‍ ആദ്യ 500ല്‍ എം എ യൂസഫലിയും

Web Desk
2 Min Read

ദുബൈ: ബ്ലൂംബര്‍ഗിന്റെ സമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലോകത്തിലെ 500 സമ്പന്നരുടെ പട്ടികയില്‍ 487-ാം സ്ഥാനത്താണ് 6.45 ബില്യന്‍ ഡോളര്‍ ആസ്തിയോടെ എം എ യൂസഫലി ഇടംപിടിച്ചത്.

city exchange

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇവരില്‍ മൂന്നുപേരും സൗദി അറേബ്യയില്‍ നിന്നാണ്. അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് പട്ടികയിലെ സമ്പന്നനായ അറബ് പൗരന്‍. 17.4 ബില്യന്‍ ഡോളര്‍ ആസ്തിയോടെ 123-ാം സ്ഥാനത്താണ് തലാല്‍. 11.7 ബില്യന്‍ ഡോളറുമായി സുലൈമാന്‍ അല്‍ ഹബീബും 9.22 ബില്യന്‍ ഡോളര്‍ ആസ്തിയുമായി മുഹമ്മദ് അല്‍ അമൗദിയുമാണ് സൗദിയില്‍ നിന്നും ഇടം പിടിച്ച മറ്റുള്ളവര്‍. യു എ ഇയില്‍ നിന്നുള്ള അബ്ദുല്ല ബിന്‍ അല്‍ ഗുറൈറാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു അറബ് വംശജന്‍. ആഗോളതലത്തില്‍ 9.28 ബില്യന്‍ ഡോളറോടെ 298-ാം സ്ഥാനത്താണ് അല്‍ ഗുറൈര്‍ ഇടം നേടിയത്.

സ്‌പേസ് എക്‌സ്, ടെസ്‌ല, എക്‌സ് കമ്പനികളുടെ ഉടമ ഇലോണ്‍ മസ്‌ക് 263 ബില്യന്‍ ഡോളര്‍ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. 211 ബില്യന്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസ് 209 ബില്യന്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്. ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്റ് എല്‍ വി എം എച്ചിന്റെ തലവന്‍ ബെര്‍ണാഡ് അര്‍ണോ 193 ബില്യന്‍ ഡോളറുമായി നാലാം സ്ഥാനത്തെത്തി.

- Advertisement -
Ad image

പട്ടികയിലെ ആദ്യ നൂറില്‍ 59 പേരും യു എസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
യു എസില്‍ നിന്ന് 35 പേര്‍ പട്ടികയിലെ ആദ്യ നൂറില്‍ ഇടം പിടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും 12 പേര്‍ വീതമാണ് പേരെടുത്തത്.
ഇന്ത്യക്കാരില്‍ പട്ടികയില്‍ ഏറ്റവും മുമ്പിലുള്ളത് 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനിയാണ്. 105 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനി 99.5 ബില്യന്‍ ഡോളര്‍ ആസ്തിയുമായി പതിനെട്ടാം സ്ഥാനത്തും എച്ച് സി എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ 41 ബില്യന്‍ ഡോളര്‍ ആസ്തിയുമായി 37-ാമതുമുണ്ട്.

ടാറ്റാ സണ്‍സ് തലവന്മാരിലൊരാളായ ഷാപൂര്‍ മിസ്ത്രി 38-ാം സ്ഥാനത്ത് പട്ടികയില്‍ ഇടം പിടിച്ചു.
ഇന്ത്യന്‍ വനിതകളിലൊരാളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍ 35.4 ബില്യന്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 49-ാം സ്ഥാനത്തെത്തി.

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ തലവന്‍ ദിലീപ് ഷാംഗ്വി 61-ാമതും വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള, അവന്യൂ സൂപ്പര്‍ മാര്‍ക്കറ്റ്‌സ് തലവന്‍ രാധാകൃഷ്ണന്‍ ധമാനി എന്നിവരും ബ്ലൂബര്‍ഗ് പട്ടികയിലെ മറ്റ് ഇന്ത്യക്കാരാണ്.

Share This Article
Leave a Comment
error: Content is protected !!