

കോഴിക്കോട്: വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍ പി ജി വിലയില്‍ വന്‍ കുതിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ എല്‍ പി ജി ലിറ്ററിന് എട്ടു രൂപയാണ് കൂടിയത്. ഇതോടെ കഴിഞ്ഞയാഴ്ച ലിറ്ററിന് 58.38 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 66.38 രൂപയായി. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിതെന്ന് എല്‍ പി ജി ഓട്ടോ ഡ്രൈവറായ സജീവ് കുമാര്‍ പറയുന്നു.

2020ല്‍ 37 രൂപയുണ്ടായിരുന്നത് 43 രൂപയിലേക്ക് വര്‍ധിച്ചപ്പോള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു രൂപ കുറച്ചിരുന്നു. എന്നാല്‍ വീണ്ടും പഴയ പടി തന്നെ വില കൂടുകയാണ്.

വില വര്‍ധിക്കുമ്പോഴും പലയിടത്തും എല്‍ പി ജി കിട്ടാനില്ലാത്ത സ്ഥിതിയാണ്. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് എല്‍ പി ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിലവില്‍ 1500ഓളം എല്‍ പി ജി വാഹനങ്ങളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്. ഇത് കൂടാതെ 1000 എല്‍ പി ജി ഓട്ടോകള്‍ക്ക് കൂടി സര്‍ക്കാര്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. പല സ്റ്റേഷനുകളിലും സ്‌റ്റോക്ക് ഇല്ലാത്തതിനെ തുടര്‍ന്നും പമ്പുകളുടെ തകറാറിനെ തുടര്‍ന്ന് ആഴ്ചകളോളം അടച്ചിടുകയാണ്. മാത്രവുമല്ല പല പമ്പുകളിലും പല വിലക്കാണ് എല്‍ പി ജി വില്‍ക്കുന്നത്. ഇതോടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇന്ധനം അടിക്കേണ്ട ഗതികേടിലാണ് ഡ്രൈവര്‍മാര്‍. കൂടുതല്‍ പെര്‍മിറ്റ് നല്‍കുമ്പോള്‍ അതിനോടൊപ്പം ഇന്ധനം ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു.
പരാതികള്‍ കൊടുക്കുമ്പോള്‍ താത്കാലിക പരിഹാരം കാണുമെങ്കിലും സ്ഥിര പരിഹാരമുണ്ടാക്കുവാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ പമ്പുകളില്‍ നടത്തേണ്ട സുരക്ഷാ പരിശോധന കൃത്യമായി നടത്താറില്ലെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. മലിനീകരണ തോതിലെ കുറവും ഇന്ധന വില കുറവുമാണ് എല്‍ പി ജിയിലേക്ക് മാറാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ എല്‍ പി ജി വില നാള്‍ക്ക് നാള്‍ വര്‍ധിക്കുന്നത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

