മമ്മൂട്ടി; ഒറ്റപ്പര്യായം മാത്രമുള്ളൊരു പേര്

Web Desk
2 Min Read

ഹൃദയം ത്രസിപ്പിക്കുകയോ ആഹ്ലാദചിത്തമാക്കുകയോ ചെയ്യുന്ന ഒരു പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അതിലൊന്ന് മമ്മൂട്ടി എന്നായിരിക്കും. ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടുമൊപ്പം ഹരമായി നില്‍ക്കുന്ന പേര്. മമ്മൂട്ടി എന്ന പേരിന് ഒറ്റ അര്‍ഥമേ ഉളളു, ഒറ്റപ്പര്യായമേ ഉള്ളു- അത് മമ്മൂട്ടി എന്നു മാത്രമാണ്. ഈ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന രൂപം മാത്രമാണ് ആ പേരിന്റെ അര്‍ഥം.

city exchange


ഒരുപക്ഷേ തീര്‍ത്തും ഗ്രാമീണായിരുന്ന ഒരു മുസ്ലിം പേരിനെ സംസ്‌ക്കാരത്തിന്റേയും സൗന്ദര്യത്തിന്റേയും അനുഭവങ്ങളുടേയും ഗ്ലാമറിന്റേയും പേരാക്കിയതിന് മഹാരാജാസിലെ ആ കൂട്ടുകാരനോടായിരിക്കണം മലയാളം കടപ്പെടേണ്ടത്. ഒമര്‍ ഷരീഫെന്ന ലോകോത്തര താരത്തിന്റെ പേര് സ്വയമെടുത്തണിഞ്ഞാണ് ചെമ്പിലെ പാണപറമ്പില്‍ ഇസ്മാഈലിന്റെ മകന്‍ അഭിനയത്വരമൂത്ത് മഹാരാജാസിന്റെ ഇടനാഴികളില്‍ കോപ്രായം കാട്ടി നടന്നിരുന്നത്. കൂട്ടുകാര്‍ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ തെറിച്ചു പോയ പുസ്തകത്തില്‍ നിന്നും പുറത്തേക്കുവീണ തിരിച്ചറിയല്‍ കാര്‍ഡില്‍ മുഹമ്മദു കുട്ടി എന്ന പേര് കണ്ടപ്പോള്‍ ഒമര്‍ ഷരീഫല്ല പേരെന്ന് തിരിച്ചറിഞ്ഞതോടെ ‘നിന്റെ പേര് മമ്മൂട്ടിയെന്നാണല്ലേ’യെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ആ നിമിഷമുണ്ടല്ലോ, ചുറ്റും കൂടിയവര്‍ അന്നേരവും മലയാള സിനിമ ലോകം പിന്നീടുള്ള അരനൂറ്റാണ്ടിലേറെ കാലവും സ്തംഭിച്ചു നിന്ന സമയമായിരുന്നു അത്. എടാ മമ്മൂട്ടിയേ എന്നു വിളിച്ചത് കളിയാക്കാനായിരുന്നുവെങ്കിലും ആ പേര് തന്നെ മലയാളിയുടെ അഭിമാനമാക്കുന്നതില്‍ വിജയിച്ച വ്യക്തിപ്രഭയും സ്ഥിരോത്സാഹവും തന്നെയാണ് മമ്മൂട്ടി എന്ന മഹാത്ഭുതത്തിന്റെ വിജയരഹസ്യവും.

വാര്‍ത്താ മാധ്യമങ്ങള്‍ പോലും വളരെ അപൂര്‍വ്വമായിരുന്നൊരു കാലത്ത് ഈജിപ്തില്‍ ജനിക്കുകയും അമേരിക്കയിലും ബ്രിട്ടനിലും ഇറ്റലിയിലും അഭിനയത്തിന്റെ തീജ്വാലകള്‍ സൃഷ്ടിക്കുകയും ലോറന്‍സ് ഓഫ് അറേബ്യ, ഡോക്ടര്‍ ഷിവാഗോ തുടങ്ങി ഒട്ടേറെ ലോകോത്തര ഹിറ്റുകളില്‍ അഭിനയിക്കുകയും ചെയ്തൊരു പ്രതിഭയെ തന്റെ പേരിനോടു കൂട്ടിക്കെട്ടി നടക്കാന്‍ മമ്മൂട്ടിക്ക് അന്നേ കഴിഞ്ഞു എന്നത് അദ്ദേഹം ഏതുകാലത്തും സൂക്ഷിച്ച സ്വയം നവീകരണത്തിന്റെ ദൃഷ്ടാന്തമായിരുന്നു. രംഗത്തുള്ള ഏറ്റവും പ്രഗത്ഭനോടു മത്സരിക്കാന്‍ വേണ്ടി ഏതു സമയത്തും തയ്യാറായി നിന്നൊരു പ്രതിഭയ്ക്ക് മാത്രമാണ് ആ പേര് ചേരുക- മമ്മൂട്ടി.

- Advertisement -
Ad image

ഇന്ന് എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ മഹാത്ഭുതമായ മമ്മൂട്ടി. ഇന്ത്യന്‍ സിനിമയിലേക്ക് മലയാള ചലച്ചിത്രത്തിന്റെ പേര് ചേര്‍ത്തുവെക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് മലയാളിയുടെ ഈ സ്വകാര്യ അഹങ്കാരം.

Share This Article
Leave a Comment
error: Content is protected !!