
ദോഹ: ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രിയും കുടിയേറ്റക്കാരും അല്‍-അഖ്സ പള്ളിയുടെ മുറ്റത്തേക്ക് അതിക്രമിച്ചു കയറിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവും ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് ഖത്തര്‍ വിലയിരുത്തി.

ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ഇസ്ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്കുമെതിരെ ഇത്തരം ലംഘനങ്ങള്‍ തുടരുന്നതിനെതിരെയും അതിന്റെ ഫലമായി മേഖലയില്‍ അക്രമം വര്‍ധിക്കുന്നതിനെതിരെയും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ജറുസലേമിനോടും അതിന്റെ പുണ്യസ്ഥലങ്ങളോടും അന്താരാഷ്ട്ര സമൂഹം അവരുടെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
നിയന്ത്രണങ്ങളില്ലാതെ മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനും 1967ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുമുള്ള പൂര്‍ണ്ണ അവകാശം ഉള്‍പ്പെടെ ന്യായമായ ഫലസ്തീന്‍ ലക്ഷ്യത്തിലും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളിലും ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.

