
കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 55 വയസ്സുള്ള വയ ഒരാളെ രാത്രി സമയത്ത് വിജയകരമായി മെഡിക്കല്‍ ഒഴിപ്പിക്കല്‍ (മെഡെവാക്) നടത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐ സി ജി) വീണ്ടും പ്രവര്‍ത്തന സജ്ജത തെളിയിച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ ഐ സി ജി നടത്തുന്ന രണ്ടാമത്തെ മെഡെവാക് ദൗത്യമാണിത്.

കഴിഞ്ഞ വര്‍ഷം മുതല്‍ അഗത്തി ദ്വീപില്‍ നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മൂന്ന് പകല്‍ മെഡെവാക്കുകളും നാല് രാത്രികാല മെഡെവാക്കുകളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്ന് അടിയന്തര അഭ്യര്‍ഥന ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉടന്‍ തന്നെ രാത്രികാല മെഡെവാക് ദൗത്യത്തിനായി ഡോര്‍നിയര്‍ വിമാനം വിന്യസിക്കുകയായിരുന്നു. രോഗിയുടെ ഗുരുതര ആരോഗ്യാവസ്ഥയും കടലിന് മുകളിലൂടെയുള്ള രാത്രികാല പ്രവര്‍ത്തനങ്ങളുടെ വെല്ലുവിളികളും കണക്കിലെടുത്ത് കൊച്ചിയില്‍ ആസ്ഥാനമാക്കിയ ഐ സി ജി ഡോര്‍നിയര്‍ വിമാനം വളരെ വേഗത്തില്‍ മൊബൈല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റായി പുനഃസജ്ജീകരിച്ച് യാത്രയ്ക്കിടെ തുടര്‍ച്ചയായ ജീവന്‍രക്ഷാ സഹായം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കി.
അതിവേഗത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ദൗത്യത്തില്‍ രോഗിയുടെ ആരോഗ്യം, കാലാവസ്ഥ, രാത്രികാല പ്രവര്‍ത്തന പരിമിതികള്‍ എന്നിവയെല്ലാം വിലയിരുത്തി. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ മൊബൈല്‍ ഐ സി യു സജ്ജീകരണം പൂര്‍ത്തിയാക്കി വൈകുന്നേര സമയത്ത് വിമാനം പറത്താന്‍ ഐ സി ജിക്ക് സാധിച്ചു. രാത്രികാല സാഹചര്യങ്ങളില്‍ സുരക്ഷിതമായി അഗത്തി ദ്വീപില്‍ ഇറങ്ങിയ വിമാനം രോഗിയെ ഉടന്‍ തന്നെ കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തിക്കുകയായിരുന്നു.
രാത്രികാല മെഡെവാക് ദൗത്യങ്ങളുടെ ഭാഗമായി വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പ്രവര്‍ത്തനം വെല്ലുവിളികളേറിയ സാഹചര്യങ്ങളില്‍ പോലും സമയബന്ധിതമായ മാനവിക ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനുള്ള കഴിവ് വ്യക്തമാക്കുന്നതാണ്. ഇതോടൊപ്പം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ലക്ഷദ്വീപ് ഭരണകൂടവും തമ്മിലുള്ള മികച്ച ഏകോപനവും ഈ ദൗത്യത്തില്‍ പ്രകടമായി.
ദൂരദ്വീപ് പ്രദേശങ്ങളിലെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിക്കൊണ്ട് ‘വയം രക്ഷാമഹ’- ഞങ്ങള്‍ സംരക്ഷിക്കുന്നു എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തുടര്‍ന്നും സേവനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

