
മുംബൈ: നോട്ടുനിരോധനം നടപ്പാക്കുമ്പോള്‍ മോദി പ്രഖ്യാപിച്ച കാഷ്ലസ് ഇകോണമി എന്ന ലക്ഷ്യം ഏറെ വിദൂരമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുനിരോധനം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷവും ജനങ്ങള്‍ക്ക് കാശുപയോഗിച്ചുള്ള ക്രയവിക്രയത്തോടാണ് പ്രിയമെന്ന് ആര്‍ബിഐ പറയുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം 2021 ഒക്ടോബറില്‍ 28.30 ലക്ഷം കോടി കാഷാണ് ജനങ്ങളുടെ കൈവശമിരിക്കുന്നത്. 2016 നവംബര്‍ നാലിന് ഇത് 17.97 ലക്ഷം കോടിയായിരുന്നു. ആകെയുണ്ടായത് 57.48 ശതമാനം വര്‍ധന. 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ പൊതുജനത്തിന്റെ കൈശവമുള്ള പണം 2017 ജനുവരിയില്‍ 7.8 ലക്ഷം കോടിയായി ചുരുങ്ങിയിരുന്നു. നോട്ടുനിരോധനം നടപ്പാക്കുന്നതിന്റെ തൊട്ടുമുമ്പ്, 2016 നവംബറില്‍ ഇത് 17.97 ലക്ഷം കോടിയായിരുന്നു. നോട്ടുനിരോധനം കഴിഞ്ഞ ശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ധിച്ചിരുന്നെങ്കിലും പിന്നീട് കുത്തനെ താഴേക്കു പോകുകയായിരുന്നു. കോവിഡ് ലോക്ക്ഡൗണുകളുടെ പശ്ചാത്തലത്തില്‍ കാശുപയോഗം പൂര്‍വ്വാധികം വര്‍ധിച്ചു. എന്നാല്‍ ഡിജിറ്റല്‍ പേയ്മെന്റുകളില്‍ മോശമല്ലാത്ത വളര്‍ച്ചയുണ്ടെന്നാണ് ആര്‍ബിഐ പറയുന്നത്. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് വഴി കൈമാറാന്‍ സാധിക്കുന്ന പണമിടപാടിന്റെ പരിധി ഉയര്‍ത്തി അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവ ഇല്ലാതാക്കാമെന്ന ലക്ഷ്യത്തോടെയാണ് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ 2016 നവംബറിന് അസാധുവാക്കിയത്. രാജ്യത്തെ മൊത്തം കറന്‍സിയുടെ 86 ശതമാനമാണ് അസാധുവാക്കപ്പെട്ടത്. ഏകദേശം മൂന്നുലക്ഷം കോടി രൂപയ്ക്കുള്ള പഴയ കറന്‍സി നോട്ടുകള്‍ കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും അവ ബാങ്കുകളിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍, അസാധുവാക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയില്‍ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. കള്ളപ്പണം, കള്ളനോട്ട് എന്നീ ഇടപാടുകള്‍ 2016-’17-ല്‍ മുന്‍വര്‍ഷത്തെക്കാള്‍ വന്‍വര്‍ധനയുണ്ടായി എന്നാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ ഫിനാന്‍സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.


