

കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്ത് കമ്മീഷന്‍ ശക്തിപ്പെടുത്തുമെന്നും മാധ്യമ രംഗത്ത് സ്ത്രീസൗഹൃദ അന്തരീക്ഷം ഉണ്ടാക്കാനായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കാലിക്കറ്റ് പ്രസ്സ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു പി സതീദേവി.

പാലാ കോളേജ് വിഷയം ഉള്‍പ്പെടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഏറെ വിഷമമുണ്ടാക്കുന്നതാണ്. യുവമനസുകളില്‍ സ്ത്രീ വിരുദ്ധചിന്താഗതിയും പുരുഷമേധാവിത്വവും കൂടുതലായി ഉണ്ടാകുന്നു എന്നതും വളരെ ഗൗരവമേറിയ കാര്യമാണ്. സ്ത്രീകളുടെ ജീവിതവുമായുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ടുളള നിയമഭേദഗതി അത്യന്താപേക്ഷിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീപക്ഷ കേരളത്തിനായി കമ്മീഷന്‍ സജീവമായി ഇടപെടുന്നുണ്ട്. മമ്പാട് വിഷയത്തില്‍ സ്ത്രീധന സംഭവത്തില്‍ പിതാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവം ഏറെ വേദനാജനകമാണ്. സ്ത്രീകളുടെ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ഈ ചുമതലയ്ക്ക് പ്രസക്തി ഏറെയുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.
അതേസമയം സ്ത്രീ വിഷയത്തിലെ മാധ്യമ രംഗത്തെ ഇടപെടല്‍ സംബന്ധിച്ച് പ്രത്യേകമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനെ കുറിച്ചുള്ള മാര്‍ഗരേഖ കമ്മീഷന്‍ തയ്യാറാക്കുന്നതായും മാധ്യമങ്ങളുടെ സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 25ന് ശില്‍പശാല നടത്തുമെന്നും അവര്‍ അറിയിച്ചു.
വിവാഹങ്ങളില്‍ പാരിതോഷികമായി കൊടുക്കുന്ന സാധനങ്ങളെ സംബന്ധിച്ച് കൃത്യമായി രേഖയുണ്ടാകണമെന്നും സ്ത്രീധനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനായി ആവശ്യമായ കൗണ്‍സിലിംഗ്, കലാലയങ്ങളില്‍ ലിംഗനീതിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം എന്നിവ അനിവാര്യമാണ്. കുട്ടികളില്‍ ശാസ്ത്രീയമായിട്ടുള്ള അറിവ് ഉണ്ടാക്കാനും ലൈംഗിക ചൂഷണങ്ങളെ ചെറുക്കാനുമാണ് ലൈംഗിക വിദ്യാഭ്യാസം. എന്താണ് ലൈംഗിക വിദ്യാഭ്യാസം എന്നറിയാത്തവരാണ് ഇതിനെതിരെ കുപ്രചാരണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിവും ബോധവത്
ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
നിലവില്‍ കമ്മീഷന്‍ പറയുന്ന ചില കേസുകളില്‍ പോലീസ് ഇടപെടാത്ത സാഹചര്യമുണ്ട്. അത് പരിശോധിക്കും. സമൂഹ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നവരെ കണ്ടെത്താന്‍ പ്രത്യേകം നിരീക്ഷണം ഉണ്ടാകും. സ്ത്രീകളുടെ സാമൂഹ്യപദവി ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ പല രീതിയിലുള്ള വിവേചനം നേരിടേണ്ടി വരുന്നുണ്ട്. തൊഴിലിടങ്ങളിലെ വിവേചനം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കും. നിയമവിദഗ്ദരുമായി ബന്ധപ്പെട്ട് കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും വിവാഹവുമായി ബന്ധപ്പെട്ട നിയമ ഭേദഗതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചുണ്ടെന്നും പി സതീദേവി മീറ്റ് ദി പ്രസ്സില്‍ പറഞ്ഞു.

