
മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് പ്രദേശത്തെ സുമനസ്സുകള്‍ കൈകോര്‍ത്തപ്പോള്‍ നിര്‍ധനനായ ജാര്‍ഖണ്ഡ് സ്വദേശിക്കും കുടുംബത്തിനും താമസിക്കാന്‍ വീടായി. പതിനെട്ട് വര്‍ഷത്തോളമായി പന്നിക്കോട് സലഫി മസ്ജിദില്‍ നമസ്കാരത്തിന് നേതൃത്വം നല്കുന്ന ഇമാം ജഹാംഗീറിനും കുടുംബത്തിനുമാണ് സലഫി മസ്ജിദ് കമ്മറ്റി ഉദാരമതികളുടെ സഹായത്തോടെ സ്ഥലവും വീടും ലഭ്യമാക്കിയത്.

ഉച്ചക്കാവില്‍ കുടുംബം സൗജന്യമായി നല്കിയ സ്ഥലത്ത് പതിനാറ് ലക്ഷത്തോളം രൂപ ചിലവഴിച്ച് വീട് നിര്‍മ്മിച്ച് ഉടമസ്ഥാവകാശത്തോടെ നല്‍കുകയായിരുന്നു. രണ്ട് ബെഡ് റൂമുകളും ഡൈനിംഗ് ഹാള്‍, സിറ്റ്ഔട്ട്, അടുക്കള തുടങ്ങിയവയും വെള്ളം, വെളിച്ചം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണ് നിര്‍മ്മിച്ചത്.

കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന് മടവൂര്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലെത്തി തൊഴിലെടുക്കുന്നവര്‍ക്ക് വീട് വെച്ച് നല്‍കുക വഴി അതിഥികളെ സ്വന്തക്കാരാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സലഫി മസ്ജിദ് പ്രസിഡന്റ് പി അബ്ദു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കവിത ടീച്ചര്‍, പഞ്ചായത്തംഗങ്ങളായ ഷീജ, സി ഹരീഷ്, കെ എന്‍ എം മണ്ഡലം പ്രസിഡന്റ് അഹമ്മദ് കുട്ടി മദനി, മജീദ് കുവപ്പാറ, യു എ ലത്തീഫ്, പി ഹബീബ് അലി, മുജീബ് കുവപ്പാറ എന്നിവര്‍ സംസാരിച്ചു

