

കോഴിക്കോട്: കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേര് ഓര്‍മ്മയില്‍ നിന്നും പറഞ്ഞ് കോഴിക്കോട് സ്വദേശിയ്ക്ക് ടൈം വേള്‍ഡ് റിക്കോര്‍ഡ്.

കണ്ണഞ്ചേരിയില്‍ ഡിലൈറ്റ് വീട്ടില്‍ സനില്‍ ദീപിന്റെയും അഖിലയുടെയും മകനും എല്‍ എല്‍ ബി വിദ്യാര്‍ഥിയുമായ ഷാരൂണ്‍ എസ് ദീപാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈം വേള്‍ഡ് റിക്കോര്‍ഡില്‍ ഇടം നേടിയത്. 28 സെക്കന്റ് കൊണ്ട് ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാരുടെ പേര് പറഞ്ഞതാണ് നിലവിലെ സ്വന്തം റിക്കോര്‍ഡ് തിരുത്തി ടൈം വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചത്.

ടൈം വേള്‍ഡ് റിക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ബാഡ്ജും പ്രമുഖ മജീഷ്യന്‍ പ്രദീപ് ഹുഡിനോയില്‍ നിന്നും ഷാരൂണ്‍ എസ് ദീപ് ഏറ്റുവാങ്ങി.
2020 നവംബറില്‍ അമേരിക്കയില്‍ 46 പ്രസിഡന്റുമാരുടെ പേരുകള്‍ 57 സെക്കന്റ് കൊണ്ട് പറഞ്ഞപ്പോള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേടി. 2020 ഡിസംബറില്‍ സമാന കാറ്റഗറില്‍ 42 സെക്കന്റ് കൊണ്ട് സ്വന്തം റിക്കോര്‍ഡ് തിരുത്തി, ഏഷ്യാ ബുക്ക് ഓഫ് റെക്കാര്‍ഡും കരസ്ഥമാക്കി. 2021 ഒക്ടോബറില്‍ 30 സെക്കന്റ് കൊണ്ട് ഓര്‍മ്മ ശക്തിയില്‍ വീണ്ടും നിലവിലെ റിക്കോര്‍ഡ് മറി കടന്ന് അറേബ്യന്‍ വേള്‍ഡ് റിക്കോര്‍ഡും ലഭിച്ചു. ഇതിന് പിന്നാലെയാണ് ഈ വര്‍ഷം ജനുവരി ഒന്നിന് വീണ്ടും സമയം കുറച്ച് ടൈം വേള്‍ഡ് റിക്കോര്‍ഡിലും ഇടം നേടിയത്.
2020ല്‍ യു എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് ചാനല്‍ ഡിബേറ്റാണ് പ്രസിഡന്റുമാരുടെ പേര് ഓര്‍ക്കല്‍ ഹോബിയായി തുടങ്ങിയത്. റിട്ടയര്‍ഡ് സീനിയര്‍ ബാങ്ക് മാനേജരായ അച്ഛന്‍ സനില്‍ ദീപ് ഹാം റേഡിയോയുടെ ലൈസന്‍സി ഓപ്പറേറ്ററാണ്. ഇതിനകം ലോകത്തിലെ 200ഓളം രാജ്യങ്ങളിലെ ഹാമുകളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയില്‍ 45 സ്റ്റേറ്റ് ഹാമുകളുമായി സംസാരിക്കാനുള്ള അവസരം വന്നപ്പോള്‍ മകനോട് അമേരിക്കന്‍ പ്രസിഡന്റ്മാരുടെ പേര് ഓര്‍ത്ത് പറയാന്‍ നിര്‍ദേശിച്ചത്. മൂന്നു ദിവസത്തെ പരിശീലനത്തിലൂടെ ഷാരൂണ്‍ എസ് ദീപ് ഓര്‍മ്മ ശക്തി പരീക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നാലെ റിക്കോര്‍ഡുകളും എത്തി.
മലപ്പുറം എം സി ടി കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഒന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥിയാണ്. ഹാം റേഡിയോ ഓപ്പറേറ്റര്‍ കൂടിയാണ്. കര്‍ണാടിക് സംഗീതവും വശമാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ള വിവിധ വേദികളില്‍ കച്ചേരിയില്‍ പങ്കെടുക്കാറുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍ മജീഷ്യന്‍ പ്രദീപ് ഹുഡിനോ, ഗിന്നസ് ദിലീഫ്, ഷാരൂണ്‍ എസ് ദീപ്, സനില്‍ ദീപ് എന്നിവര്‍ പങ്കെടുത്തു.

