

ദോഹ: കത്താറയുടെ വലിയ അടയാളങ്ങളിലൊന്നായ പീജിയന്‍ ടവറുകള്‍ ഫെബ്രുവരി 16ന് ബുധനാഴ്ച പൊളിച്ചു നീക്കുന്നു. ഉയര്‍ന്ന നിലവാരത്തില്‍ പുനര്‍നിര്‍മിക്കാനാണ് ടവറുകള്‍ പൊളിക്കുന്നതെന്ന് കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ഇബ്രാഹിം അല്‍ സുലൈത്തി ട്വീറ്റ് ചെയ്തു.

ബുധനാഴ്ച രാവിലെയാണ് പീജിയന്‍ ടവറുകള്‍ പൊളിച്ചു മാറ്റുക. കത്താറയില്‍ മൂന്ന് പീജിയന്‍ ടവറുകളാണുള്ളത്. അതിലൊന്ന് പള്ളിക്കു സമീപവും രണ്ടെണ്ണം കിഴക്ക് കടലിനോട് ചേര്‍ന്നുമാണ് സ്ഥിതി ചെയ്യുന്നത്.

കത്താറയിലെ ഏറ്റവും അടയാളപ്പെടുത്തപ്പെട്ട കെട്ടിടമാണ് പള്ളിക്കു സമീപമുള്ള പീജിയന്‍ ടവര്‍. രാജ്യത്തിനകത്തും പുറത്തുമുള്ള മിക്ക പ്രസിദ്ധീകരണങ്ങളിലും കത്താറയെ പ്രതിനിധീകരിച്ചും പ്രതീകമാക്കിയും പീജിയന്‍ ടവറുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നൂറുകണക്കിന് പ്രാവുകളാണ് പീജിയന്‍ ടവറുമായി ബന്ധപ്പെട്ടുള്ളത്. കത്താറയില്‍ സന്ദര്‍ശകരുടെ ഇഷ്ട ഇടങ്ങളിലൊന്നാണിവ.

