
കോഴിക്കോട്: വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച കൃഷ്ണ പ്രസാദ്, അബ്ദുല്‍ ഗഫൂര്‍ എന്നീ പ്രതികളുമായി ഡിസ്ട്രിക്ട് സി ബ്രാഞ്ച് തെളിവെടുപ്പ് നടത്തി. നിയമവിരുദ്ധ എക്‌സ്‌ചേഞ്ച് നടത്തിപ്പിനായി അസ്സമില്‍ നിന്നും ബംഗാളില്‍ നിന്നും സിം കാര്‍ഡുകള്‍ എത്തിയത് ഗഫൂറിന്റെ ഉടമസ്ഥതയില്‍ പാളയം യമുന ആര്‍ക്കേഡിലെ ബിനാഫ എന്റര്‍പ്രൈസസ് വിലാസത്തില്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഈ അഡ്രസില്‍ കൊറിയറില്‍ വന്ന സിം കാര്‍ഡുകള്‍ കൈപ്പറ്റിയത് കൃഷ്ണപ്രസാദ് ആയിരുന്നു. മറ്റു ചിലരും ഷബീറിന് വേണ്ടി സിം കാര്‍ഡുകള്‍ കൈപ്പറ്റിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിം കാര്‍ഡുകള്‍ പ്രീ ആക്ടിവേറ്റ് ചെയ്ത് ഷബീറിന് എത്തിച്ച് നല്‍കിയവരെക്കുറിച്ച് പൊാലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യ ഒട്ടാകെ വ്യാപിച്ച് കിടക്കുന്ന വന്‍ സംഘം സിം കാര്‍ഡ് ഉടമസ്ഥന്‍ അറിയാതെ തിരിച്ചറിയല്‍ വിലാസം വെച്ചു പ്രീ ആക്ടി വേറ്റ് ചെയ്ത് വില്‍പ്പന നടത്തുന്നതായി അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. കോഴിക്കോട് എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തുന്നതിന് തൊട്ടു മുന്നേ ഒഡിഷയില്‍ പതിനായിരക്കണക്കിന് സിം കാര്‍ഡുകളുമായി വന്‍ സംഘം പിടിയിലായിരുന്നു. ഇതേ ഒഡീഷയില്‍ നിന്നുമുള്ള സിം കാര്‍ഡുകള്‍ കോഴിക്കോട് കേസുകളിലും പിടിച്ചെടുത്തിരുന്നു. ഒഡീഷയിലെ ഈ സിം സിന്‍ഡിക്കേറ്റിന് കാലിക്കറ്റ് കേസുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേ സമയം കൃഷ്ണപ്രസാദ് 20,000 രൂപ ശമ്പളത്തിലാണ് ഷബീറിന് വേണ്ടി ജോലി ചെയ്തിരുന്നത്. ഷബീറിന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് കൃഷ്ണപ്രസാദായിരുന്നു. പ്രതികളുമൊന്നിച്ച് കേസിലെ വിവിധ സംഭവ സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.
ഡിസ്ട്രിക്ട് സി ബ്രാഞ്ച് ചുമതലയുള്ള എ സി പി ജോണ്‍സണ്‍ എ ജെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും തുടരും.

