വാഹനാപകടം ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി; എ എസ് ഐക്കും പൊലീസുകാരനും സസ്‌പെന്‍ഷന്‍

Web Desk
2 Min Read

കോഴിക്കോട്: വാഹനാപകട കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് എ എസ് ഐയും സിവില്‍ പൊലീസ് ഓഫീസറെയും സസ്പെന്റ് ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൃജേഷ്, എ എസ് ഐ പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

city exchange

വാഹനാപകടക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാഹന ഉടമയുടെ പേരില്‍ കേസ് എടുക്കാതിരിക്കാന്‍ വാഹനം ഓടിച്ചയാളില്‍ നിന്ന് സിവില്‍ പൊലീസ് ഓഫീസര്‍ കൃജേഷ് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതി വസ്തുതയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മധ്യസ്ഥതയാക്കി കൊണ്ടുള്ള പേപ്പറില്‍ മേലുദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഒപ്പിട്ടതിനാണ്് എ എസ് ഐക്കെതിരായ നടപടി. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നഗരത്തിലെ ഒരു ‘യൂസ്ഡ് കാര്‍’ ഷോറൂമില്‍ വില്‍പ്പനയ്ക്കായി ഏല്‍പ്പിച്ച ആഡംബര കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഷോറൂമിന്റെ രണ്ട് ഉടമകളിലൊരാളാണ് മറ്റേയാള്‍ അറിയാതെ ആഡംബരകാര്‍ സ്വന്തം ആവശ്യത്തിനായി ഓടിച്ചതും അപകടത്തില്‍പ്പെട്ടതും. അപകടത്തെത്തുടര്‍ന്ന് 40,000 രൂപയുടെ നഷ്ടവും അറ്റകുറ്റപ്പണിയും ഉണ്ടാകുമെന്ന് അപകടത്തിനിരയായ കാറുടമയ്ക്ക് ബോധ്യമായതോടെയാണ് സംഭവങ്ങളുടെ തുടക്കം.

- Advertisement -
Ad image

ഷോറൂമില്‍ വില്പനക്കുവെച്ച വാഹനം ഉടമയറിയാതെ ഓടിച്ച് അപകടം വരുത്തിയതു കാരണം ആര്‍ സി ഉടമസ്ഥനായ ആഡംബരകാറുടമയെതിരെയാണ് കേസ് ഉണ്ടാവുകയെന്ന് അപകടം വരുത്തിയ ഷോറൂം ഉടമയെ പോലീസുകാരന്‍ അറിയിച്ചു. എന്നാല്‍, കേസില്ലാതിരിക്കണമെന്നും സംഭവം കാറുടമ, ഷോറൂമിന്റ പങ്കാളി എന്നിവര്‍ അറിയരുതെന്നും അപകടം വരുത്തിയ ആള്‍ പോലീസുകാരനോട് ആവശ്യപ്പെട്ടു. ഇതോടെ വൈകിട്ട് വിശദമായ വിവരം അറിയിക്കാമെന്നായി പോലീസുകാരന്‍.

ഇന്‍ഷുറന്‍സ് തുകകൊണ്ട് കാറിന്റ അറ്റകുറ്റപ്പണി നടത്താമെന്നും കേസെടുക്കാതിരിക്കാനുള്ള പണമായി 60,000 രൂപ നല്‍കണമെന്നും തുടര്‍ന്ന് പോലീസുകാരന്‍ പറഞ്ഞു. തന്റെ ഇന്‍സ്പെക്ടര്‍ക്കും എസ് ഐക്കും വേണ്ടിയാണ് ഇത്രയും തുക ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയ പോലീസുകാരന്‍ താന്‍ മാത്രം വിചാരിച്ചാല്‍ കേസ് ഒതുക്കാന്‍ പറ്റില്ലെന്നും അറിയിച്ചു. ഇത് വിശ്വസിച്ച ഷോറൂം ഉടമ അരലക്ഷം രൂപ കൈക്കൂലിയും ഒപ്പം കാറിന്റ അറ്റകുറ്റപ്പണിക്കായി 40,000 രൂപയും നല്‍കാമെന്ന് സമ്മതിച്ചു.

പണം കയ്യില്‍ തരേണ്ടെന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാല്‍ മതിയെന്നും പോലീസുകാരന്‍ പറഞ്ഞു. ഈ അക്കൗണ്ട് പോലീസുകാരന്റെ ഭാര്യയുടേതായിരുന്നു. ഇതാണ് പ്രാഥമികാന്വേഷണത്തില്‍ തന്നെ ഇയാള്‍ക്കെതിരേയുള്ള തെളിവായി മാറിയത്.

എ എസ് ഐ പ്രവീണ്‍കുമാര്‍ ഇക്കാര്യങ്ങളിലൊന്നും ഇടപെട്ടിരുന്നില്ല. സംഭവം മധ്യസ്ഥമായെന്നും ഒപ്പിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്യുക മാത്രമാണ് എ എസ് ഐ ചെയ്തതെന്നുമാണ് അറിയുന്നത്. മേലുദ്യോഗസ്ഥരുടെ അറിവില്ലാതെ ഒപ്പിട്ടുവെന്നതിനാണ് എ എസ് ഐയെ സസ്പെന്റ് ചെയ്തിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!