സി എച്ച് മുഹമ്മദ് കോയ സ്മാരക മാനവ മൈത്രി പുരസ്‌കാരം ഡോ. അബ്ദുസ്സമദ് സമദാനിക്ക്

Web Desk
2 Min Read

മനാമ: കെ എം സി സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സി എച്ച് മുഹമ്മദ് കോയ സാഹിബ് സ്മാരക മാനവ മൈത്രി പുരസ്‌കാരത്തിന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും ലോക്സഭാംഗവുമായ ഡോ. എം പി അബ്ദുസ്സമദ് സമദാനിയെ തെരഞ്ഞെടുത്തു.

city exchange

മാനവികത, മതസൗഹാര്‍ദ്ദം, ജനാധിപത്യ മൂല്യങ്ങള്‍, സാമൂഹിക നീതി, സഹവര്‍ത്തിത്വം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മാനവ മൈത്രിയുടെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം ശക്തമായി ഉയര്‍ത്തിപ്പിടിച്ച സമദാനിയുടെ പൊതുപ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും ഇടപെടലുകളുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ജൂറി അറിയിച്ചു.

കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പോയില്‍, ജനറല്‍ സെക്രട്ടറി പി കെ ഇസ്ഹാഖ്, ട്രഷറര്‍ സുബൈര്‍ പുളിയാവ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സി എച്ചിന്റെ മാനവികവും ജനാധിപത്യപരവുമായ കാഴ്ചപ്പാടുകളുടെ സ്മരണ പുതുക്കുന്നതിനും മൂല്യങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രസക്തമാക്കുന്നതിനുമാണ് കെ എം സി സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി മാനവ മൈത്രി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

- Advertisement -
Ad image

പ്രഭാഷകന്‍, എഴുത്തുകാരന്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ ദേശീയതലത്തില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് അബ്ദുസ്സമദ് സമദാനി. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാഹിത്യ- സാംസ്‌കാരിക മേഖലകളിലും സജീവമായ അദ്ദേഹം തന്റെ വാക്ചാതുരിയിലൂടെയും വിശാലമായ ഭാഷാപരിജ്ഞാനത്തിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്.

മലയാളം, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, അറബി, പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുള്ള സമദാനി വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവും ശ്രദ്ധേയമായ പ്രഭാഷണശേഷിയും പ്രകടിപ്പിച്ചുവരുന്നു. ദേശീയ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖരുടെ പ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള അദ്ദേഹം പ്രഭാഷണ രംഗത്ത് സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഫാറൂഖ് അബ്ദുല്ല, ഗുലാം നബി ആസാദ്, കപില്‍ സിബല്‍, മണിശങ്കര്‍ അയ്യര്‍, മുലായം സിംഗ് യാദവ്, നിതീഷ് കുമാര്‍, കരണ സിംഗ് തുടങ്ങിയ പ്രമുഖരുടെ പ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള സമദാനി ദേശീയ രാഷ്ട്രീയ വേദികളിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവന്‍ നായര്‍ അദ്ദേഹത്തിന്റെ പ്രഭാഷണശൈലിയെ ‘വശ്യവചസ്സ്’ എന്ന് വിശേഷിപ്പിച്ചത് സമദാനിയുടെ വാഗ്മിത്വത്തിന് ലഭിച്ച ശ്രദ്ധേയമായ അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും പൊതുസമൂഹവുമായി നിരന്തരം സംവദിക്കുന്ന സമദാനി മതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം, ചരിത്രം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നടത്തുന്ന ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഒക്ടോബര്‍ അവസാന വാരം മനാമയില്‍ നടക്കുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണ പരിപാടിയില്‍ അബ്ദുസ്സമദ് സമദാനി എം പിക്ക് മാനവ മൈത്രി പുരസ്‌കാരം സമ്മാനിക്കും.

ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും കെ എം സി സി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!