സമാധാന മധ്യസ്ഥശ്രമങ്ങളുടെ സംരക്ഷണത്തിന് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ വേണം: ഖത്തര്‍

Web Desk
2 Min Read

ജനീവ: സമാധാനത്തിനായുള്ള മധ്യസ്ഥശ്രമങ്ങളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളും കര്‍ശനമായ നിയമവ്യവസ്ഥകളും ആവശ്യമാണെന്ന് ഖത്തര്‍. സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന മധ്യസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബഹുരാഷ്ട്രതലത്തിലുള്ള സമാധാനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി ആവശ്യപ്പെട്ടു. ജനീവ സമാധാന ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സമാധാന മധ്യസ്ഥതയുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യസ്ഥശ്രമങ്ങളില്‍ ഖത്തര്‍ നേടിയ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, ഈ നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും മുമ്പെങ്ങുമില്ലാത്തവിധം പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് കക്ഷികളെ ഒരേ മുറിയില്‍ എത്തിക്കുന്നതില്‍ മാത്രം മധ്യസ്ഥത ഒതുങ്ങുന്നില്ല. പരസ്പരവിശ്വാസം, നിഷ്പക്ഷത, രഹസ്യസ്വഭാവം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം, സമാധാനപരമായ പരിഹാരത്തോടുള്ള ആത്മാര്‍ഥമായ പ്രതിബദ്ധത എന്നിവയാണ് ഫലപ്രദമായ മധ്യസ്ഥശ്രമങ്ങളുടെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു.

ഇവ കേവലം സൈദ്ധാന്തിക തത്വങ്ങളല്ലെന്നും സമാധാനത്തിനായി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാനും പരസ്പരസമ്മതത്തോടെയുള്ള പരിഹാരങ്ങള്‍ പരീക്ഷിക്കാനും കരാറിലെത്തുക അസാധ്യമെന്നു തോന്നുന്ന ഘട്ടങ്ങളിലും ചര്‍ച്ചകള്‍ തുടരാനും കക്ഷികളെ പ്രാപ്തരാക്കുന്ന പ്രായോഗിക ഘടകങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.

- Advertisement -
Ad image

മധ്യസ്ഥതയുടെ അടിസ്ഥാനതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, മധ്യസ്ഥശ്രമങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന ഇടം സംരക്ഷിക്കുക, സമാധാനനിര്‍മാണത്തിനായുള്ള ബഹുരാഷ്ട്ര സഹകരണശ്രമങ്ങള്‍ നിലനിര്‍ത്തുക എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അല്‍ ഖുലൈഫി പറഞ്ഞു.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന യുദ്ധങ്ങള്‍ മിക്കപ്പോഴും നിര്‍ണായകമായ വിജയത്തിലൂടെയോ വ്യക്തമായ ഒത്തുതീര്‍പ്പിലൂടെയോ അവസാനിക്കുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. വിജയത്തിലേക്കുള്ള വഴി കൂടുതല്‍ ഇടുങ്ങുകയും ധാരണയിലെത്താനുള്ള സാധ്യത അടയുന്നതിന്റെ വക്കിലെത്തുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, സമാധാനത്തിലേക്കുള്ള വാതില്‍ തുറന്നുനിര്‍ത്താനുള്ള മാര്‍ഗമാണ് മധ്യസ്ഥതയെന്നും അതിനുള്ള സാഹചര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവാദങ്ങള്‍ക്ക് സുരക്ഷിതമായ രാഷ്ട്രീയവും ഭൗതികവുമായ അന്തരീക്ഷം അനിവാര്യമാണെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പുതിയ അപകടങ്ങളിലേക്ക് തങ്ങളെ നയിക്കില്ലെന്ന ഉറപ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് ലഭിക്കണമെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

മധ്യസ്ഥശ്രമങ്ങളോടുള്ള ഖത്തറിന്റെ പ്രതിബദ്ധത നേരിട്ട സമ്മര്‍ദങ്ങള്‍ മൂലം ദുര്‍ബലമായിട്ടില്ലെന്നും മറിച്ച് കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവാദം കൂടുതല്‍ ദുഷ്‌കരമാകുന്തോറും മധ്യസ്ഥതയുടെ ആവശ്യകത വര്‍ധിക്കുന്നു. അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും കൂടുതല്‍ ദുര്‍ബലമാകുന്തോറും അവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യസ്ഥശ്രമങ്ങള്‍ ഭീഷണി നേരിടുന്ന സാഹചര്യങ്ങളില്‍ അവയെ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടുവരണമെന്നും അല്‍ ഖുലൈഫി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ 33-ാം അനുച്ഛേദം തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായി ചര്‍ച്ചയെയും മധ്യസ്ഥതയെയും അംഗീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സമാധാനപരമായ തര്‍ക്കപരിഹാരം അന്താരാഷ്ട്ര സംവിധാനത്തിന് അടിയന്തരഘട്ടങ്ങളില്‍ മാത്രം സ്വീകരിക്കാവുന്ന നടപടിയല്ലെന്നും അതിന്റെ അടിസ്ഥാന തൂണുകളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

മധ്യസ്ഥശ്രമങ്ങള്‍ സംരക്ഷിക്കുന്നതിനായി കൂടുതല്‍ കര്‍ശനമായ നിയമങ്ങളും മാനദണ്ഡങ്ങളും ശക്തമായ നിയമപരിരക്ഷയും രൂപപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ആളുകളോട് സംഭാവന നല്‍കാന്‍ ആവശ്യപ്പെടുന്നുവെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. മധ്യസ്ഥതയെ സംരക്ഷിക്കുന്നത് എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!