
കോഴിക്കോട്: സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും അവശര്ക്കുമൊപ്പം നിലകൊണ്ട നേതാവായിരുന്ന സി മോയിന്‍കുട്ടിയെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവ പരിഹരിക്കാന്‍ സദാ സമയവും അദ്ദേഹം ഓടിനടന്നു. അവര്‍ക്കായി ക്ഷോഭത്തോടെ സംസാരിച്ചു. സി മോയിന്‍കുട്ടി സൗഹൃദ സംഘം കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച ഇതാണ് നേതാവ്; സി മോയിന്‍കുട്ടി ഓര്‍മ്മകളിലൂടെ സ്മരണിക പ്രകാശന ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

അടിയുറച്ചൊരു മതവിശ്വാസിയായി മതേതര സമൂഹത്തിന്റെ മാതൃകയായി ജീവിച്ചു കാണിച്ചു തന്നു സി മോയിന്‍കുട്ടി. എല്ലാ വിഭാഗക്കാരുടെയും നേതാവായിരുന്നു. സംശുദ്ധ ജീവിതം ബാക്കിവെച്ചാണ് അദ്ദേഹം കടന്നുപോയതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ആര്‍ദ്രമായ മനസ്സിന്റെ ഉടമയായിരുന്നു സി മോയിന്‍കുട്ടിയെന്ന് പുസ്തകം പ്രകാശനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച് അവര്‍ക്കായി നിലകൊണ്ടു അദ്ദേഹം. അശരണരുടെ ഉത്കണ്ഠകളാണ് എപ്പോഴും അദ്ദേഹത്തെ അലട്ടിയത്. ആര്‍ദ്രതയുടെ നനവില്ലാതെ നേതാവുണ്ടാവില്ല. ഉളളിന്റെയുളളില്‍ ആര്‍ദ്രത വറ്റാതെ കാത്തു സൂക്ഷിച്ച അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും കര്‍ഷകര്‍ക്കും അശരണര്‍ക്കും വേണ്ടിയായിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങി. സി മോയിന്‍കുട്ടി സൗഹൃദ സംഘം ചെയര്മാന് ബിഷപ്പ് ഡോ. മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു.
എഡിറ്റര്‍ നവാസ് പൂനൂര് പുസ്തകം പരിചയപ്പെടുത്തി. മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം കെ മുനീര്‍ എം എല്‍ എ, കവി പി കെ ഗോപി, ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്, ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്, മുസ്്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, കാന്തി പിന്റോറിയ (യു കെ) സംസാരിച്ചു.
സി മോയിന്‍കുട്ടി സൗഹൃദ സംഘം ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ പാണ്ടികശാല സ്വാഗതവും വര്‍ക്കിംഗ് ചെയര്മാന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

