മത്സ്യത്തൊഴിലാളി സുരക്ഷിതത്വത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ബെന്നി ബെഹനാന്‍ എം പി

Web Desk
2 Min Read

ന്യൂഡല്‍ഹി: രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള ദ്രുതനടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റ് അവലോകന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ രാജ്യത്തിന്റെ സമൃദ്ധി ഉറപ്പാക്കുന്നത് പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ കേന്ദ്ര ബജറ്റില്‍ ഈ മേഖലയുടെ ആവശ്യങ്ങള്‍ തൃപ്തികരമായി പരിഗണിക്കപ്പെട്ടിട്ടില്ല. വനവാസ മേഖലകളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ലഭ്യമാകുന്ന അതേ അവകാശങ്ങള്‍ തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്.

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 3.7 കോടി മത്സ്യത്തൊഴിലാളികളാണുള്ളത്. അവരെല്ലാം തന്നെ നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. വിദേശ നയങ്ങള്‍, ദുരന്തങ്ങള്‍, പരിസ്ഥിതി മാറ്റങ്ങള്‍ എന്നിവ മൂലം മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിന് ബജറ്റില്‍ അധിക തുക അനുവദിക്കേണ്ടതുണ്ടെന്നും കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒപ്പം തീരദേശ മേഖലയുടെ സംരക്ഷണത്തിന്റെ പ്രസക്തിയും എം പി സഭയെ ധരിപ്പിച്ചു.കോസ്റ്റല്‍ ടൂറിസത്തിന്റെ പേരില്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തികളാണ് തീരദേശ മേഖലകളില്‍ നടക്കുന്നത്. അത് നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തെ പശ്ചിമഘട്ട മേഖലയില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ പോലെ തീരദേശ മേഖലകളും നശിപ്പിക്കപ്പെടും. പ്രകൃതിയോട് ഇണങ്ങുന്ന ടൂറിസം സാധ്യതകളാണ് ഇത്തരം പ്രദേശങ്ങളില്‍ പ്രോത്സാഹിപ്പിക്കേണ്ടത്. കേരളത്തിലെ പുതിയ തീരദേശ ഹൈവേ പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ ജീവിത ശൈലിയ്ക്കും തന്നെ പൂര്‍ണ്ണമായും തടസ്സം വരുത്തും.

- Advertisement -
Ad image

കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തി നടക്കുന്ന എന്‍ എച്ച് 66 കൂടുതലായി കടന്നുപോകുന്നത് തീരദേശ മേഖലകളില്‍ കൂടെയാണ്. അതുകൊണ്ടുതന്നെ പ്രത്യേക ഒരു തീരദേശ ഹൈവേയുടെ ആവശ്യം കേരളത്തിനില്ലന്നും തീരദേശ ഹൈവേ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

കൂടാതെ രാജ്യത്തെ പാല്‍ വ്യവസായവും അതിന്റെ ഏറ്റവും മോശമായ സ്ഥിതിയിലൂടെയാണ് കടന്നു പോകുന്നത്. പാല്‍ ഉത്പന്നങ്ങളുടെ പ്രോസസിംഗ് ഇന്ത്യയില്‍ വളരെ മോശം സ്ഥിതിയിലാണ്. പുതിയ പാല്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നില്ല. പശു സംരക്ഷകര്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ യഥാര്‍ഥത്തില്‍ പശു പരിപാലനമല്ല ചെയ്യുന്നത്. വിപണിയില്‍ പാലുത്പന്നങ്ങള്‍ക്ക് ന്യായമായതും മെച്ചപ്പെട്ടതുമായ പിന്തുണ വേണം. അതോടൊപ്പം ആട്, ഒട്ടകം തുടങ്ങിയവയുടെ പാലുത്പന്നങ്ങള്‍ക്കുള്ള പിന്തുണയും അടിയന്തരമായി പരിഗണിക്കേണ്ടതാണ്. ഇവരെയെല്ലാം സഹായിക്കുന്നതിനായി കൂടുതല്‍ വേഗത്തിലുള്ള വിപണരീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. രാജ്യത്ത് അമുല്‍ ഒഴികെ മറ്റൊരു പാല്‍ കമ്പനിക്കും സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല. മറ്റ് കമ്പനികളെയും കൈപിടിച്ചുയര്‍ക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നിട്ടും അതിന്റെ പ്രയോജനം പാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.

മത്സ്യത്തൊഴിലാളികളുടെയും പാല്‍ തൊഴിലാളികളുടെയും ജീവിതാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സുസ്ഥിരമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായ ധവള വിപ്ലവത്തിന്റെയും ബ്ലൂ റവല്യൂഷന്റെയും പ്രയോജനഫലം ഈ രണ്ടു മേഖലകള്‍ക്കും ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!