

കൊച്ചി: ലോകത്താകമാനം വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും അതിനനുസരിച്ച് ഇന്ത്യയിലും നിശ്ശബ്ദമായി വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും വ്യവസായ- പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ പി എം പറഞ്ഞു. കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ഐ സി എ ഐ എറണാകുളം ശാഖ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴില്‍ മേഖലകളിലും മാറ്റിപ്പണിയലുകള്‍ നടക്കുന്നുണ്ട്. ലിംഗനീതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഇവയെയെല്ലാം പുരോഗമനപരമായി വീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ കാലത്ത് ചൈനയും ഇന്ത്യയുമാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ജി20 അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാവും. സമൂഹത്തിന്റെ ക്രിയാത്മകതയെ എങ്ങനെ ഉപയോഗിക്കാമെന്ന വലിയ ചോദ്യമാണ് ചോദിക്കേണ്ടതെന്നും മുഹമ്മദ് ഹനീഷ് എ പി എം പറഞ്ഞു.
ലോകത്തെ വ്യത്യസ്ത മേഖലകളില്‍ ഇന്ത്യക്കാര്‍ വലിയ മികവുകളാണ് പ്രകടമാക്കുന്നത്. ഇന്ത്യയില്‍ വലിയ രീതിയിലുള്ള മനുഷ്യ ശക്തിയെ ഉപയോഗപ്പെടുത്താന്‍ നമ്മുടെ രാജ്യത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാമ്പത്തിക- വ്യവസായ മാതൃകകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് നമുക്കു മുമ്പിലുള്ള പ്രധാന ലക്ഷ്യം. അതോടൊപ്പം വെള്ളത്തിന്റേയും ഊര്‍ജ്ജത്തിന്റേയും വിവര സാങ്കേതിക വിദ്യയുടെയും മേധാവിത്വത്തിനായിരിക്കും പുതിയ യുദ്ധങ്ങളുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും സാമ്പത്തിക സാക്ഷരത ഉണ്ടാക്കിയെടുക്കണമെന്നും മുഹമ്മദ് ഹനീഷ് എ പി എം ആവശ്യപ്പെട്ടു.
ഐ സി എ ഐ എറണാകുളം ശാഖ ഭാരവാഹികളായി ദീപ വര്‍ഗ്ഗീസ് (ചെയര്‍പേഴ്‌സണ്‍), സലിം എ (വൈസ് ചെയര്‍പേഴ്‌സണ്‍), ആനന്ദ് എ എസ് (സെക്രട്ടറി), സുരേഷ് ജി (ട്രഷറര്‍), ടോണി തോമസ് (വിദ്യാര്‍ഥി അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍), ജോബി ജോര്‍ജ്, ആഷില്‍ എം എ, രൂപേഷ് രാജഗോപാല്‍, ജോസ് കെ വി (മറ്റ് അംഗങ്ങള്‍) എന്നിവര്‍ അധികാരമേറ്റു. ചെയര്‍പേഴ്സണ്‍ ദീപ വര്‍ഗ്ഗീസിന് വേണുഗോപാല്‍ സി ഗോവിന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ വി ജോസ്, ജോമോന്‍ കെ ജോര്‍ജ്ജ്, പി സതീശന്‍, എ എസ് ആനന്ദ്, ദീപ വര്‍ഗ്ഗീസ്, ബാബു എബ്രഹാം കള്ളിവയലില്‍, വേണുഗോപാല്‍ സി ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.
ഐ സി എ ഐ എറണാകുളം ശാഖയുടെ 55 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വനിത ചെയര്‍പേഴ്സണായി ചുമതലയേറ്റത്.

