
കൊച്ചി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ക്കും ജി എസ് ടി ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ക്കും പിന്നാലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കൂടുതല്‍ പ്രാധാന്യമുള്ള തൊഴില്‍മേഖലയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് സംഘടിപ്പിച്ച ദേശീയ സി എ സ്റ്റുഡന്റ്‌സ് ദ്വിദിന സമ്മേളനം കയ്യൊപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മാന്ദ്യങ്ങളും ആഗോളതലത്തിലുള്ള മാറ്റങ്ങളും ഉണ്ടായാലും അതിജീവിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്ന തൊഴില്‍മേഖലയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി. സുതാര്യവും മാന്യവുമായ ഈ തൊഴില്‍മേഖലയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ശരാശരി നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സ് എന്ന ധാരണ കൊമേഴ്സിനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള പഠനമേഖലകളിലൊന്നായി കൊമേഴ്സ് മാറിയിട്ടുണ്ട്. ഈ രംഗത്ത് ആഗോളതലത്തില്‍ അനന്തമായ തൊഴില്‍സാധ്യതകളാണുള്ളത്. കഠിനാധ്വാനവും പഠനത്തിനായി സമയം കണ്ടെത്താനുള്ള മനസ്സുമുണ്ടെങ്കില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജി എസ് ടിയുടെ പ്രവര്‍ത്തനരീതിയും സാമ്പത്തിക രംഗത്തെ സങ്കീര്‍ണതകളും സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും കൂടുതല്‍ അവബോധം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും സമൂഹത്തിനും രാജ്യത്തിനും പ്രയോജനകരമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങി എല്ലാ പ്രൊഫഷണലുകളും സമൂഹം തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. മുഹമ്മദ് ഷാ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ക്ലയന്റുകള്‍ അര്‍പ്പിക്കുന്ന ഈ വിശ്വാസവും ഉറപ്പും സംരക്ഷിക്കേണ്ടത് പ്രൊഫഷണലുകളുടെ പ്രധാന ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
നീന്തല്‍, ഡ്രൈവിങ്, അക്കൗണ്ടന്‍സി എന്നിവയാണ് ഓരോ വ്യക്തിയും ജീവിതത്തില്‍ അഭ്യസിക്കേണ്ട ഏറ്റവും പ്രായോഗികമായ മൂന്ന് നൈപുണ്യങ്ങളെന്നും ഇവയില്‍ അക്കൗണ്ടന്‍സിക്കാണ് ഏറ്റവും ഉയര്‍ന്ന സ്ഥാനമെന്നും ഐ ആര്‍ എസ് ഓഫീസറും കൊച്ചി ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറുമായ രമിത്ത് ചെന്നിത്തല പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്ക് സംഭാവന നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്റര്‍നെറ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും നയിക്കുന്ന ഇന്നത്തെ ലോകം പരസ്പരാശ്രിതവും പരസ്പരബന്ധിതവുമാണ്. ആഗോളവല്‍ക്കരണത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തേക്ക് ലോകം മാറിക്കഴിഞ്ഞു. ഒരു രാജ്യത്തുണ്ടാകുന്ന സംഭവങ്ങള്‍ക്കുപോലും മറ്റിടങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും രമിത്ത് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഐ സി എ ഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അക്കാദമിക് ചെയര്‍മാന്‍ ബാബു അബ്രഹാം കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ ജോബി ജോര്‍ജ് സ്വാഗതവും സികാസ ചെയര്‍മാന്‍ ദിപിന്‍ ദിവ്യകുമാര്‍ നന്ദിയും പറഞ്ഞു.

