

കൊച്ചി: ആകസ്മിക ദുരന്തങ്ങളില്‍ പ്രതിസന്ധിയിലാവുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബള്‍ക്ക് ആശ്വാസമെത്തിക്കാന്‍ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിസ് വെല്‍ഫെയര്‍ ഫണ്ട് നടപ്പാക്കുന്നു. വെല്‍ഫെയര്‍ ഫണ്ടിന്റെ പ്രഖ്യാപനം ജൂണ്‍ 28 ശനിയാഴ്ച വൈകിട്ട് അഞ്ചിന് എറണാകുളം ടി ഡി എം ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് കെ യു ഡബ്ല്യു ജെ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കെ യു ഡബ്ല്യു ജെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാംപയിന്‍ ബ്രേക്കിംഗ് ഡി ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും യൂണിയനില്‍ നിന്ന് വിരമിക്കുന്ന സഹപ്രവര്‍ത്തകരുടെ സൗഹൃദ സംഗമം മന്ത്രി പി രാജീവും ഉദ്ഘാടനം ചെയ്യം.

മരണം ഉള്‍പ്പെടെ ആകസ്മിക ഘട്ടങ്ങളില്‍ സഹായധനം എത്തിക്കുകയാണ് ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ടിന്റെ ലക്ഷ്യം. സര്‍വീസ് കാലത്ത് മരണം സംഭവിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയും ജോലിയെടുക്കാന്‍ കഴിയാത്ത വിധം ശാരീരിക വിഷമതയിലാകുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയും സഹായം എത്തിക്കും. വിരമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ 65 വയസ്സു വരെ ആസോസിയേറ്റ് അംഗമായി നിലനിര്‍ത്തി സംരക്ഷണം ഉറപ്പാക്കും. ഇവര്‍ക്ക് മരണം സംഭവിച്ചാല്‍ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നല്‍കും.
മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷൂറന്‍സ് കവറേജ്, മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത ആശ്രിതരുടെ അടിയന്തര ദുരന്തഘട്ടങ്ങളില്‍ സഹായം, മാധ്യമ പ്രവര്‍ത്തകരുടെ അക്കാദമികവും സര്‍ഗാത്മകവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍, കലാ- സാഹിത്യ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള പദ്ധതി തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളും ഭാവിയില്‍ പദ്ധതി മുന്നില്‍ കാണുന്നുണ്ട്. ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനാവുന്ന വിധത്തിലാണ് പദ്ധതിക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടക്കുന്നത്.
നിരോധിത ലഹരിയുടെ വ്യാപനം അതിവേഗം പടരുന്ന പശ്ചാതലത്തിലാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഹരി മഹാമാരിയെ ചെറുക്കുക, അതിന്റെ കണ്ണി പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ സൂപ്പര്‍ എ ഐയുമായി സഹകരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടപ്പാക്കുന്ന പദ്ധതിയാണ് ബ്രേക്കിംഗ് ഡി. അനോനിമസ് റിപ്പോര്‍ട്ടിംഗിന് പ്രാധാന്യം നല്‍കി ഒരേ സമയം ബോധവത്ക്കരണവും പ്രതിരോധവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ലഹരിയുടെ ഉറവിടവും വിപണനവും ഉള്‍പ്പെടെ വിവരങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് ബ്രേക്കിംഗ് ഡി പദ്ധതി.
ക്യൂ ആര്‍ കോഡ് വഴി പൊതുസമൂഹത്തിലെ ഓരോ വ്യക്തിക്കും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രേക്കിംഗ് ഡി ആപ്പിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലേയും പ്രസ് ക്ലബ് ആസ്ഥാനങ്ങളിലും കെ യു ഡബ്ല്യു ജെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ക്യു ആര്‍ കോഡ് സ്‌കാനര്‍ പ്രചാരണം നടക്കും. രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്യൂ ആര്‍ കോഡ് പോസ്റ്ററുകള്‍ പതിപ്പിക്കുകയും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഒരു വര്‍ഷം നീളുന്ന കാമ്പയിനില്‍ പ്രസ് ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പുകളും ഉള്‍പ്പെടും.
പദ്ധതിയുടെ വെബ്‌സൈറ്റ് മെയ് മാസം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ലോഞ്ച് ചെയ്തിരുന്നു. ലോഗോ പ്രകാശനം മന്ത്രി എം ബി രാജേഷാണ് നിര്‍വഹിച്ചത്.
ഒരു വര്‍ഷത്തിനിടെ എണ്‍പതോളം മാധ്യമ പ്രവര്‍ത്തകരാണ് സേവന കാലാവധി ഔദ്യോഗികമായി പൂര്‍ത്തിയാക്കി യൂണിയനില്‍ നിന്ന് വിരമിക്കുന്നത്. അവരുടെ സംഭാവനകള്‍ സ്വന്തം സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല മാധ്യമ പ്രവര്‍ത്തന രംഗത്താകെയും സാമൂഹിക പുരോഗതിയിലും വലിയ പങ്കാണ് വഹിച്ചത്. വിരമിച്ച ചിലരെല്ലാം പത്രപ്രവര്‍ത്തക യൂണിയന്‍ സാരഥ്യത്തിലൂടെ തൊഴിലാളി ക്ഷേമ രംഗത്തും നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്. ഇതെല്ലാം പരിഗണിച്ചാണ് സംസ്ഥാന തലത്തില്‍ വിപുലമായ രീതിയില്‍ സൗഹൃദ സംഗമം ഒരുക്കാന്‍ യൂണിയന്‍ തീരുമാനിച്ചത്.
വാര്‍ത്താ സമ്മേളനത്തില്‍ കെ യു ഡബ്ല്യു ജെ പ്രസിഡന്റ് കെ പി റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സെക്രട്ടറി ഫിലിപ്പോസ് മാത്യു, എറണാകുളം ജില്ലാ സെക്രട്ടറി ഷജില്‍ കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് ബൈജു, രാംദാസ് എന്നിവര്‍ പങ്കെടുത്തു.

