

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) അറുപതാം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ ഉജ്വല തുടക്കം. പാലാരിവട്ടം റെനൈ കൊളോസിയത്തില്‍ പ്രതിനിധി സമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത അധ്യക്ഷയായി.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എം പി, കെ വി തോമസ്, എ എന്‍ രാധാകൃഷ്ണന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, എം ഷജില്‍കുമാര്‍, ആര്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ സമ്മേളന നഗരിയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുചര്‍ച്ച നടന്നു.
ഉച്ചക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ വിമര്‍ശനം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്നും നേര് തിരിച്ചറിയാതെ കടന്നാക്രമിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മാലിന്യ നിര്‍മാര്‍ജന പരിപാടിക്ക് മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. നാടിന്റെ പൊതുവിപത്തിനെതിരെ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത മേഖലയിലും അതിവേഗത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. മാധ്യമ രംഗത്തും കാലാനുസ്യതമായ മാറ്റങ്ങള്‍ കാണാനാകും. പുത്തന്‍ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്ലൗഡ് മീഡിയയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. ഇത് നേരിടാന്‍ നമുക്കാകണമെന്നും മുഖ്യ പ്രഭാഷണം നടത്തികൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
മേയര്‍ എം അനില്‍കുമാര്‍, യൂണിയന്‍ പ്രസിഡന്റ് എം വി വിനീത, ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ബാബു, എം ഷജില്‍കുമാര്‍, ആര്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ സി വേണുഗോപാല്‍ എം പി, സംവിധായകന്‍ വിനയന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. എം കെ സാനു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി രാജന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് രാജേഷ് ചേര്‍ത്തലയും സംഘവും സംഗീതപരിപാടി അവതരിപ്പിച്ചു.
സമ്മേളനം ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം എല്‍ എ, പ്രൊഫ. കെ വി തോമസ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പകല്‍ മൂന്നിന് സമാപന സമ്മേളനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

