

നോര്‍ത്ത് ഇടപ്പള്ളി: കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആഘോഷിച്ചു. പ്രധാനാധ്യാപിക ബിന്ദു കെ ശിശുദിന റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ നെഹ്‌റു എന്നും സ്മരിക്കപ്പെടുമെന്ന് പ്രധാനധ്യാപിക ബിന്ദു കെ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനാണ് ശിശുദിനം ആഘോഷിക്കുന്നതെന്നും കലാലയങ്ങളില്‍ പോലും ഇടം കണ്ടെത്താന്‍ തക്കം പാര്‍ത്തു കൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഈ ദിനം നാം ഫലപ്രദമായി വിനിയോഗിക്കണമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.


ശിശുദിനത്തിന്റെ ഭാഗമായി കുട്ടികളുടെ ചാച്ചാജി പതിപ്പ് പ്രകാശനം, പ്രസംഗം, നൃത്തം, സംഘനൃത്തം, നാടോടി നൃത്തം, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികളും നടത്തി. വിജയികള്‍ക്ക് ഇടപ്പള്ളി വടക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇഗ്‌നേഷ്യസ്, പി ടി എ പ്രസിഡന്റ് സുധീര്‍ കെ ഖാലിദ്, മദര്‍ പി ടി എ പ്രസിഡന്റ് ഫസീദ, ഷഹ്ന സലിം, നിഹ, പ്രധാനാധ്യാപിക ബിന്ദു കെ, സ്റ്റാഫ് സെക്രട്ടറി മാഹിന്‍ ബാഖവി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അധ്യാപികമാരായ സീന പെരേര, മേരി വി എ, സിനി ടി എസ്, ഇന്ദു പി ആര്‍, ലിന്‍സി ടി ജെ, അനിത വി, മിനി കെ കെ, നയന ഇ ഡി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശിശുദിനത്തിന്റെ ഭാഗമായി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും പായസ വിതരണവും നടത്തി.


