43 വര്‍ഷത്തിനുശേഷം ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ സി എന്‍ എന്‍ വിടുന്നു

Web Desk
2 Min Read

ലണ്ടന്‍: അന്താരാഷ്ട്ര വാര്‍ത്താ രംഗത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സി എന്‍ എന്നിന്റെ ചീഫ് ഇന്റര്‍നാഷനല്‍ ആങ്കറുമായ ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ അടുത്ത വര്‍ഷം ചാനല്‍ വിടും. 1983 മുതല്‍ സി എന്‍ എന്നിനൊപ്പം പ്രവര്‍ത്തിക്കുന്ന 68കാരിയായ അമന്‍പൂര്‍ തിങ്കളാഴ്ചയാണ് തീരുമാനം അറിയിച്ചത്.

city exchange

1990ലെ ഗള്‍ഫ് യുദ്ധത്തിന്റെ തത്സമയ റിപ്പോര്‍ട്ടുകളിലൂടെയാണ് അമന്‍പൂര്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. പിന്നീട് ബോസ്‌നിയ, റുവാണ്ട, അഫ്ഗാനിസ്ഥാന്‍ തുടങ്ങി വിവിധ സംഘര്‍ഷ മേഖലകളില്‍നിന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ടെലിവിഷന്‍ വാര്‍ത്താരംഗത്ത് അന്താരാഷ്ട്ര വിഷയങ്ങളില്‍ ശ്രദ്ധേയമായ ശബ്ദമായി മാറിയ അമന്‍പൂര്‍ നിലവില്‍ ലണ്ടന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

നിരവധി മാസത്തെ ആലോചനകള്‍ക്കും ഉറക്കമില്ലാത്ത ചില രാത്രികള്‍ക്കും ശേഷമാണ് തീരുമാനമെടുത്തതെന്ന് അമന്‍പൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. സി എന്‍ എന്‍ ഇന്റര്‍നാഷനലിലെ അവരുടെ അമന്‍പൂര്‍ പരിപാടി ജനുവരി മുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായി ചുരുക്കും. ജൂണോടെ പരിപാടി അവസാനിപ്പിക്കും. പി ബി എസ് ചാനലിലെ അമന്‍പൂര്‍ ആന്‍ഡ് കമ്പനി പരിപാടിയും ഇതോടെ അവസാനിക്കും. ഭാവിയില്‍ പുതിയതും താത്പര്യമുണര്‍ത്തുന്നതുമായ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശ്യമെന്നും അവര്‍ വ്യക്തമാക്കി.

സി എന്‍ എന്‍ മേധാവി മാര്‍ക്ക് തോംസണ്‍, അമന്‍പൂറിന്റെ ഭാവിയെക്കുറിച്ച് മാസങ്ങളായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നുവെന്ന് ന്യൂസ് റൂമിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. അവര്‍ വിടവാങ്ങുന്നതില്‍ ദുഃഖമുണ്ടെങ്കിലും വ്യക്തിപരമായും തൊഴില്‍പരമായും ഇതാണ് ശരിയായ സമയമെന്ന് അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

സമീപ വര്‍ഷങ്ങളില്‍ അമന്‍പൂര്‍ ടെലിവിഷന്‍ അവതരണ ചുമതലകള്‍ കുറച്ചിരുന്നു. മുന്‍ ഭര്‍ത്താവും നയതന്ത്രജ്ഞനും മാധ്യമ പ്രവര്‍ത്തകനുമായ ജെയ്മി റൂബിനൊപ്പം ദ എക്‌സ് ഫയല്‍സ് എന്ന പോഡ്കാസ്റ്റും അവര്‍ ആരംഭിച്ചിരുന്നു. ഈ പരിപാടി തുടരുമെന്ന് അമന്‍പൂര്‍ അറിയിച്ചിട്ടുണ്ട്.

സി എന്‍ എന്നിന്റെ മാതൃകമ്പനിയെ ഡേവിഡ് എലിസന്റെ നേതൃത്വത്തിലുള്ള മാധ്യമ സംരംഭമായ സ്‌കൈഡാന്‍സ് ഈ മാസം ഏറ്റെടുത്തിരുന്നു. ഈ ഏറ്റെടുക്കലിനെക്കുറിച്ച് അമന്‍പൂറും തോംസണും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനകളില്‍ പരാമര്‍ശിച്ചില്ല. എന്നാല്‍, മെയ് മാസം ലണ്ടനില്‍ നടന്ന ഒരു പരിപാടിയില്‍ ഏറ്റെടുക്കലിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് അമന്‍പൂര്‍ പറഞ്ഞിരുന്നു. 2025ല്‍ എലിസണ്‍ സി ബി എസ് ന്യൂസിന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം അവിടെ ഉണ്ടായതായി താന്‍ കരുതുന്ന എഡിറ്റോറിയല്‍ മാറ്റങ്ങളായിരുന്നു ആശങ്കയ്ക്ക് കാരണം. സി ബി എസ് വാര്‍ത്തകളിലെ പക്ഷപാതത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചിട്ടുണ്ട്.

ലണ്ടനില്‍ ഇറാനിയന്‍ പിതാവിനും ബ്രിട്ടിഷ് മാതാവിനും ജനിച്ച അമന്‍പൂര്‍ ബാല്യകാലത്ത് കുറച്ചുകാലം ടെഹ്‌റാനിലാണ് ചെലവഴിച്ചത്. 1970കളില്‍ അമേരിക്കയിലെ റോഡ് ഐലന്‍ഡിലേക്ക് താമസം മാറിയ അവര്‍ പ്രാദേശിക വാര്‍ത്താ ചാനലുകളിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അറ്റ്‌ലാന്റയിലെ സി എന്‍ എന്‍ ആസ്ഥാനത്ത് അസിസ്റ്റന്റായി ചേര്‍ന്നു.

വിദേശകാര്യ ലേഖികയാകാനുള്ള കഴിവ് അമന്‍പൂറിനില്ലെന്നും ടെലിവിഷനില്‍ അവതാരകയാകാനും കഴിയില്ലെന്നും തുടക്കകാലത്ത് ഒരു മേലുദ്യോഗസ്ഥന്‍ പറഞ്ഞിരുന്നതായി തോംസണ്‍ അനുസ്മരിച്ചു. എന്നാല്‍, ആ വിലയിരുത്തല്‍ തെറ്റാണെന്ന് അവര്‍ തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

സി എന്‍ എന്നിനും അതിന്റെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന പാരമ്പര്യത്തിനും എന്നും പിന്തുണ നല്‍കുമെന്നും അമന്‍പൂര്‍ വ്യക്തമാക്കി. ‘ഓര്‍ക്കുക, എപ്പോഴും സത്യസന്ധരായിരിക്കുക; നിഷ്പക്ഷരായിരിക്കണമെന്നില്ല’ എന്ന സന്ദേശത്തോടെയാണ് അവര്‍ പ്രസ്താവന അവസാനിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!