Connect with us

Entertainment

ബിഗ് സ്‌ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം; കൂടുതല്‍ മിഴിവോടെ ‘ദേവദൂതന്‍’ റീ-റിലീസിന്

Published

on


കൊച്ചി: 24 വര്‍ഷങ്ങള്‍ക്ക് ശേഷം വിശാല്‍ കൃഷ്ണമൂര്‍ത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. മോഹന്‍ലാലിന്റെ ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രമായ ‘ദേവദൂതന്‍’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുത്തതായി നിര്‍മ്മാതാക്കള്‍. ചിത്രം ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും. ഇത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയില്‍ ആവേശം ഉണര്‍ത്തുകയാണ്.

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോള്‍. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്. റീ മാസ്റ്റേര്‍ഡ് ആന്റ് റീ എഡിറ്റഡ് പതിപ്പാകും തിയേറ്ററുകളില്‍ ഉടന്‍ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.

ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറാണ് ദേവദൂതന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേര്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും വിശാല്‍ തന്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. കൗതുകമുണര്‍ത്തുന്ന പ്ലോട്ടും മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആക്കം കൂട്ടുന്നു.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സന്തോഷ് സി തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം.

കെ ജെ യേശുദാസ്, എം ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

പി ആര്‍ ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: എം കെ മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മോമെന്റ്‌സ്, റീഗെയ്ല്‍, ലൈനോജ് റെഡ്ഡിസൈന്‍.


error: Content is protected !!