പ്രതിസന്ധിയിലായി നാളികേര കര്‍ഷകര്‍

Web Desk
1 Min Read

കോഴിക്കോട്: കയറ്റുമതിനിലച്ചതും അമിത കൂലിയും കാരണം പ്രതിസന്ധിയിലായി നാളികേര കര്‍ഷകര്‍.
കയറ്റുമതി കുറഞ്ഞതോടെ നാളികേര വിലയിലും ഇടിവ് വന്നിട്ടുണ്ട്. 31 രൂപയാണ് ഒരുകിലോ നാളികേരത്തിന് പൊതുവിപണിയില്‍ ലഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇത് 42 രൂപയായിരുന്നു. തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് നാളികേര സംസ്‌കരണ കേന്ദ്രങ്ങളെല്ലാം അടച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള നാളികേര കയറ്റുമതി നിര്‍ത്തിയത്. ഇതോടെ നാളികേര സംഭരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും താറുമാറായി.

city exchange

ഇടവിട്ടെത്തുന്ന മഴ കാരണം തേങ്ങ കൊപ്രയാക്കുന്ന ജോലികള്‍ കര്‍ഷകര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. പുകപ്പുരകളുടെയും ഡ്രയറുകളുടെയും ചെലവ് താങ്ങാനാവാത്തതിനാല്‍ പൊളിച്ച നാളികേരം തൂക്കിക്കൊടുക്കുകയാണ് പല കര്‍ഷകരും. കേരളത്തെ അപേക്ഷിച്ച് നാളികേര സംസ്‌കരണത്തിന് തമിഴ്നാട്ടില്‍ ചെലവ് കുറവായതിനാലാണ് ഇവിടെനിന്ന് കയറ്റിക്കൊണ്ടുപോകുന്നത്. ഇതോടെ കൊപ്രയും തമിഴ്നാട്ടില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന രീതി പ്രചാരത്തിലായി. കേരളത്തിലെ കടകളില്‍നിന്ന് വാങ്ങുന്ന നാളികേരം തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചാണ് സംസ്‌കരിച്ച് എണ്ണയാക്കുന്നത്. ഈ പ്രവര്‍ത്തനം മഴയെ തുടര്‍ന്ന് നിലച്ചതോടെയാണ് സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി നിന്നത്.

മഴ കൂടിയതോടെ വിളകള്‍ മഴയില്‍ നശിക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. തെങ്ങുകളുടെ കൂമ്പു ചീയല്‍, മണ്ഡരി, നീരൊലിപ്പ് രോഗങ്ങളും ഇത്തവണ വര്‍ധിച്ചിട്ടുണ്ട്. ശരാശരി ഒരു കിലോയ്ക്ക് രണ്ടുരണ്ടര നാളികേരം വേണം. ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഒരു തേങ്ങക്ക് 11 മുതല്‍ 13 രൂപ മാത്രമാണ് ലഭിക്കുക. എന്നാല്‍ നിലവില്‍ വിളവെടുപ്പിന് തൊഴിലാളികളെ കിട്ടാത്ത സ്ഥിയാണ്. ഒരു തെങ്ങില്‍ കയറുന്നതിന് 35 രൂപയാണ് കൂലി. ഇത് നഗര പ്രദേശങ്ങളിലെത്തുമ്പോള്‍ ഒരു തെങ്ങിന് നൂറ് രൂപ വരെ ഈടാക്കുന്നുണ്ട്. വിളവെടുപ്പിന്റെ 20 ശതമാനത്തിലധികം ഇത്തരത്തില്‍ കൂലിയായി നല്‍കേണ്ടി വരുമെന്ന് നാളികേര കര്‍ഷകനായ മുക്കം സ്വദേശി പ്രകാശന്‍ പറയുന്നു. വിളവെടുപ്പിന് തൊഴിലാളികളെ ലഭ്യമാക്കുന്നതിനായി സ്വാഭിമാന്‍ പദ്ധതിക്കു കീഴില്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിച്ചിരുന്നെങ്കിലും ഇവയെല്ലാം നിര്‍ജീവമായി കിടക്കുകയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!