

ആലുവ: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്ത് നല്കി മൂന്നാഴ്ചയായി നടപടി സ്വീകരിക്കാത്തതില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ പ്രതിഷേധം അറിയിച്ചു. കളക്ടര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ റവന്യൂ മന്ത്രി കെ രാജനെ ഫോണില്‍ വിളിക്കുകയും കത്ത് നല്‍കകയും ചെയ്തു. നേരത്തെയുണ്ടായിരുന്ന കളക്ടര്‍മാരാരും ഇതുപോലെ നിരുത്തരവാദപരമായി പെരുമാറിയിട്ടില്ലെന്നും എം എല്‍ എ കുറ്റപ്പെടുത്തി.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള ഭാഗം സ്ഥലമേറ്റെടുത്ത് പൂര്‍ത്തിയാക്കല്‍, പുറയാര്‍ ആര്‍ ഒ ബി സ്ഥലമേറ്റെടുത്ത് നിര്‍മ്മിക്കല്‍ എന്നീ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് റവന്യു/ എല്‍ എ, ആര്‍ ബി ഡി സി കെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതിനാണ് എം എല്‍ എ കളക്ടറോട് ആവശ്യപ്പെട്ടത്. അതോടൊപ്പം കാഞ്ഞൂര്‍ പഞ്ചായത്തില്‍ എയര്‍പോര്‍ട്ടിന് സമീപത്തു കൂടി പോകുന്ന ഹെര്‍ബെര്‍ട്ടു റോഡില്‍ കോസ്റ്റ് ഗാര്‍ഡ് ഓഫീസിന്റെ മുന്‍ഭാഗം മണ്ണിടിഞ്ഞ് അപകടകരമായത് പുനരുദ്ധരിക്കല്‍ പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തുന്നതിന് പി ഡബ്ല്യു ഡി, സിയാല്‍, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും എം എല്‍ എ കളക്ടര്‍ക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് കളക്ടര്‍ക്ക് കത്ത് നല്കിയതെന്ന് എം എല്‍ എ പറഞ്ഞു.
