സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വില്‍പ്പനയുടെ മറവില്‍ മയക്ക് മരുന്ന് കടത്ത്: ഒരാള്‍ എക്‌സൈസ് പിടിയില്‍

Web Desk
2 Min Read

കൊച്ചി: വിദേശ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മലപ്പുറത്ത് നിന്ന് നേരിട്ട് കൊച്ചിയില്‍ എത്തിക്കുന്നു എന്ന വ്യാജേന എം ഡി എം എ കടത്തിയിരുന്നയാള്‍ പിടിയില്‍. മലപ്പുറം തിരൂര്‍ തൃപ്പങ്കോട്ടില്‍ കൊടക്കല്‍ ദേശത്ത് ചെറിയ പറപ്പൂര്‍ വീട്ടില്‍ റാഷിദ് ഏനാത്ത് (34) ആണ് എണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

city exchange

ഇയാള്‍ മയക്ക് മരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍, മയക്ക് മരുന്ന് ഇടപാട് നടത്തുവാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ഐ ഫോണുകള്‍ എന്നിവയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

ഉപഭോക്താക്കള്‍ക്കിടയില്‍ ‘മഞ്ചേരി മജീദ്’ എന്ന രഹസ്യ കോഡിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ആവശ്യക്കാരുടെ ഓര്‍ഡര്‍ അനുസരിച്ച് വിദേശ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ ഇയാള്‍ മയക്ക് മരുന്ന് വിതരണം ചെയ്ത് വരുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും സഞ്ചരിച്ചിരുന്ന കാറില്‍ നിന്നുമായി ഒന്‍പത് ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. പ്രധാനമായും ഹോസ്റ്റലുകളില്‍ താമസിക്കുന്ന യുവതി യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ലഹരി വില്‍പ്പന നടത്തി വന്നിരുന്നത്. ഇത് കൂടാതെ ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്ന യുവതി യുവാക്കളുടെ കൂടെ ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി എന്നിവിടങ്ങളില്‍ വിനോദസഞ്ചാരം എന്ന വ്യാജേന പോയി വന്‍തോതില്‍ മയക്ക് മരുന്ന് വാങ്ങിക്കൊണ്ടു വരുന്നതായിരുന്നു ഇയാളുടെ രീതി.

- Advertisement -
Ad image

മലപ്പുറത്തു നിന്ന് ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് എറണാകുളത്തേക്ക് എം ഡി എം എ എത്തിക്കുന്നയാളെ ക്കുറിച്ചുള്ള വിവരം നേരത്തെ തന്നെ സിറ്റി മെട്രോ ഷാഡോയ്ക്കും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനും ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി വരവേയാണ് ഇയാള്‍ മലപ്പുറത്ത് നിന്ന് മയക്ക് മരുന്നുമായി കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ഇയാള്‍ സഞ്ചരിച്ച കാര്‍ പിന്‍തുടരുകയും കലൂര്‍ സ്റ്റേഡിയം ഭാഗത്ത് വച്ച് വളഞ്ഞ് പിടികൂടുകയുമായിരുന്നു.

ഈ ഇനത്തില്‍പ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. നിരവധി പേര്‍ ഇയാളില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിട്ടുള്ളതായാണ് സൂചന. ഇയാളുടെ കെണിയില്‍ അകപ്പെട്ട യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികില്‍സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മയക്ക് മരുന്ന് ഇടപാടിന്റെ പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും മയക്ക് മരുന്നിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സജീവ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ അജിത് കുമാര്‍ എന്‍ജി, സത്യനാരായണന്‍ ഇ എസ്, മനോജ് എന്‍ എ, സിറ്റി മെട്രോ ഷാഡോയിലെ സി ഇ ഒ എന്‍ ഡി ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഇ ഒമാരായ അനസ് എന്‍ യു, ശരത് മോന്‍ പി എസ്, ജെയിംസ്, പി ജെ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!