കമ്യൂണിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റ്

Web Desk
1 Min Read

കൊളംബോ: ഇടത് കാഴ്ചപ്പാടും കമ്യൂണിസ്റ്റ് ആഭിമുഖ്യവുമുള്ള ജനതാ വിമുക്തി പെരമുന (ജെ വി പി) നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റ്. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍ പി പി) സഖ്യത്തിലെ പ്രധാന കക്ഷിയാണ് ജെ വി പി.

city exchange

ശ്രീലങ്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റാണ് അന്‍പത്തിയാറുകാരനായ ദിസനായകെ. നിലവിലെ പ്രസിഡന്റ്് റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ എന്നിവര്‍ക്കെതിരെയാണ് ദിസനായകെ വിജയം നേടിയത്.

സ്വാതന്ത്ര്യാനന്തര ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായാണ് കമ്യൂണിസറ്റുകാരനായ പ്രസിഡന്റുണ്ടാകുന്നത്.

രണ്ടു ഘട്ടങ്ങളിലായി വോട്ടെണ്ണിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ആദ്യഘട്ടം വോട്ടെണ്ണലില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട് ലഭിക്കാതെ വന്നതോടെ രണ്ടാംവട്ടം വോട്ടെണ്ണല്‍ നടത്തുകയായിരുന്നു. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവര്‍ക്കു ലഭിച്ച രണ്ടാം വോട്ടുകളും മൂന്നാം വോട്ടുകളുമാണ് ഈ ഘട്ടത്തില്‍ പരിശോധിച്ചത്.

- Advertisement -
Ad image

ആദ്യവട്ടം വോട്ടെണ്ണലില്‍ ദിസനായകെയ്ക്ക് 42.31ഉം സജിത് പ്രേമദാസയ്ക്ക് 32.76ഉം ശതമാനം വോട്ടുകളാണു ലഭിച്ചത്. വിക്രമസിംഗെ 17 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ മകനും എം പിയുമായ നമല്‍ രജപക്‌സെയ്ക്ക് 2.5 ശതമാനം വോട്ട് മാത്രമാണു ലഭിച്ചത്.

രണ്ടാംഘട്ടത്തിലും ആര്‍ക്കും അന്‍പത് ശതമാനം വോട്ട് നേടാനാകാതെ വന്നതോടെ കൂടുതല്‍ വോട്ട് നേടിയയാളെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ദിസനായകെ 42.31 ശതമാനവും സജിത്ത് പ്രേമദാസ 41.21 ശതമാനവും വോട്ട് നേടി.

സദ്ഭരണം കാഴ്ചവയ്ക്കുമെന്നും അഴിമതിവിരുദ്ധ നടപടികള്‍ സ്വീകരിക്കുമെന്നും ദിസനായകെ പറഞ്ഞു.
ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും നിര്‍മാണ, കാര്‍ഷിക, ഐ ടി മേഖലകളില്‍ വികസനം കൊണ്ടുവരുമെന്നും ദിസനായകെ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിരുന്നു. ഐ എം എഫുമായുള്ള ചര്‍ച്ചകള്‍ തടസമൊഴിവാക്കി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിലാണ് മുന്‍ പ്രസിഡന്റ് ഗോതാബയ രജപക്‌സെ പുറത്താക്കപ്പെട്ടത്. ശനിയാഴ്ച നടന്ന വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!