

ലഖ്നൗ: ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണ്. ഉത്തര്‍പ്രദേശിലെ കുഷിനഗറിലെ നിബുവ നൗറംഗിയയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. പ്രാര്‍ഥന നടത്താന്‍ കിണറിന് സമീപം പോയപ്പോഴായിരുന്നു അപകടം.

കിണറിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ പൊലീസ് സുപ്രണ്ട് സചീന്ദ്ര പട്ടേല്‍ അറിയിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. വിവാഹം സംഘടിപ്പിച്ച കുടുംബത്തിലെ ബന്ധുക്കളും അയല്‍വാസികളുമാണ് മരിച്ചതെന്നും സചീന്ദ്ര പട്ടേല്‍ അറിയിച്ചു.

കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുശിനഗര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

