ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു

Web Desk
2 Min Read

radee

കോട്ടയം: സിനിമ- സീരിയല്‍ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

city exchange

പ്രത്യേക സംസാരരീതിയില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ കോട്ടയം പ്രദീപ് അവസ്ഥാന്തരങ്ങള്‍ എന്ന ടെലിസീരിയലിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് മകനുമായി സെറ്റിലെത്തിയപ്പോള്‍ സീനയര്‍ റോളില്‍ വേഷം ലഭിച്ചാണ് അദ്ദേഹം ക്യാമറയ്ക്കു മുമ്പിലെത്തിയത്. നിര്‍മാതാവ് പ്രേം പ്രകാശായിരുന്നു അദ്ദേഹത്തിന് ആദ്യ അവസരം നല്കിയത്.

ഐ വി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രദീപ് സിനിമയിലെത്തിയത്. നരേന്ദ്ര പ്രസാദിനോടൊപ്പം ചെറിയൊരു വേഷത്തിലാണ് പ്രസ്തുത സിനിമയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. മലയാളം, തമിഴ് സിനിമകളില്‍ നിരവധി കോമഡി റോളുകള്‍ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

- Advertisement -
Ad image

2010ല്‍ പുറത്തിറങ്ങിയ ഗൗതം മേനോന്റെ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ചിത്രത്തിലെ തൃഷയുടെ മലയാളി അമ്മാവനായി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായി. പ്രസ്തുത സിനിമയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് കോട്ടയം തന്നെ വേഷമിട്ടു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിലെ പോലീസുകാരന്റെ വേഷമാണ് മലയാളത്തില്‍ ബ്രേക്കയാത്. ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്‍ത് ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, കുഞ്ഞിരാമായണം, തോപ്പില്‍ ജോപ്പന്‍ തുടങ്ങി നൂറിലേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് താരം മലയാളികളുടെ പ്രിയങ്കരനായി മാറി. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്നാപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഗോദ തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ചു.

സിനിമകള്‍ക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സല്‍സയുണ്ട്… എന്ന് തുടങ്ങുന്ന താരത്തിന്റെ പ്രശസ്തമായ ഡയലോഗിനും ആരാധകര്‍ ഏറെയായിരുന്നു. ഒറ്റ ഡയലോഗുകൊണ്ടു തന്നെ മലയാള സിനിമയില്‍ സ്വയം വരച്ചിട്ട നടനാണ് ഇപ്പോള്‍ വിട പറഞ്ഞിരിക്കുന്നത്.

2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സില്‍ എന്‍ എന്‍ പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ കോട്ടയം പ്രദീപ് അന്‍പത് വര്‍ഷമായി നാടകരംഗത്ത് സജീവമായിരുന്നു.

കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവങ്ങളിലും വാര്‍ഷിക പരിപാടികളിലും സജീവമായിരുന്നു. പാട്ട്, ഡാന്‍സ്, എകാങ്കനാടകം തുടങ്ങിയവയിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. 1989 മുതല്‍ എല്‍ ഐ സിയില്‍ ജീവനക്കാരനാണ്. ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.

കോട്ടയം പ്രദീപിന്റെ സംസ്‌ക്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.

Share This Article
Leave a Comment
error: Content is protected !!