മുഖ്യമന്ത്രി ആലുവയിലെത്തിയാല്‍ കോണ്‍ഗ്രസുകാര്‍ക്കു കിട്ടും പൊലീസ് ‘എസ്‌കോര്‍ട്ട്’

Web Desk
2 Min Read

ആലുവ: മുഖ്യമന്ത്രി വരുന്നതുകൊണ്ടാണത്രെ ആലുവയില്‍ ഖദറിട്ട് ആരിറങ്ങിയാലും വിലക്കാണെന്ന് കോണ്‍ഗ്രസ്. സര്‍വ്വമത സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലുവയില്‍ എത്തുന്നതിനാല്‍ വൈകിട്ട് നാലു മണി മുതലാണ് ഖദറിട്ടു വന്ന എല്ലാ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും റോഡിലേക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുന്നത്.

city exchange

കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസു മുന്നിലും ആലുവ അദ്വൈതാശ്രമത്തിലും തുടങ്ങി മുഖ്യമന്ത്രി പോകുന്ന ബൈപ്പാസിലും ദേശീയപാത വരെയും കനത്ത പൊലീസ് കാവലിലായിരുന്നു റോഡു മുഴുവന്‍ ഏര്‍പ്പെടുത്തിയത്. പാര്‍ട്ടി ഓഫീസില്‍ നിന്നും ചായ കുടിക്കാന്‍ ഇറങ്ങിയ ഡി സി സി ജനറല്‍ സെക്രട്ടറി പി ബി സുനീര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, കോണ്‍ഗ്രസ്സ് ആലുവ മണ്ഡലം പ്രസിഡന്റ് ഫാസില്‍ ഹുസൈന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ്, യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ ഹാരിസ് എന്നിവര്‍ക്ക് മുന്നിലും പിറകിലുമായി പത്തു പൊലീസുകാര്‍ വീതമാണ് നടന്നത്!

അടുത്തുള്ള ആശുപത്രിയില്‍ പോയപ്പോഴും പള്ളിയില്‍ പോയപ്പോഴും പൊലീസ് കൂടെതന്നെയെത്തി. നേതാക്കള്‍ പൊലീസിനോട് കാര്യം തിരക്കിയപ്പോഴാകട്ടെ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി വന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതു തങ്ങള്‍ക്ക് ക്ഷീണമായെന്നും ഇപ്രാവശ്യവും കാണിച്ചാല്‍ പൊലീസിനു ക്ഷീണമാണെന്നും അതുകൊണ്ടു മുകളില്‍ നിന്നും കനത്ത നിര്‍ദ്ദേശമുണ്ടെന്നും യാതൊരു കാരണവശാലും കരിങ്കൊടി കാണിക്കാന്‍ അനുവദിക്കരുതെന്നും അതു കൊണ്ടാണ് പിറകെ നടക്കുന്നതെന്നും പൊലീസുകാര്‍ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി വരുന്നത് കൊണ്ടു തലേദിവസം തന്നെ ആലുവ പൊലീസ് സ്റ്റേഷനില്‍ നിന്നും കേസുള്ള എല്ലാ ചെറുപ്പക്കാരായ കോണ്‍ഗ്രസ്, യൂത്ത് നേതാക്കള്‍ക്കും നിങ്ങളുടെ പേരില്‍ എട്ടും പത്തും വാറന്റുള്ള കേസുണ്ടെന്നും അതുകൊണ്ടു മുഖ്യമന്ത്രി വരുമ്പോള്‍ കരിങ്കൊടി കാണിച്ചാല്‍ റിമാന്റ് ചെയ്യുമെന്ന തരത്തില്‍ വിളിയും വന്നു.

- Advertisement -
Ad image

ചായ കുടിക്കാന്‍ ബൈപ്പാസില്‍ നിന്ന നേതാക്കളെ വളഞ്ഞു നിന്ന പൊലീസ് മുഖ്യമന്ത്രി സര്‍വ്വമത സമ്മേളനം ഉദ്ഘാടനം ചെയ്തു പോയതിനു ശേഷമാണ് അപ്രഖ്യാപിത വിലക്ക് പിന്‍വലിച്ചത്. നികുതി ഭീകരതക്കെതിരെയും ജനദ്രോഹ ബജറ്റിനെതിരെയും ലൈഫ് മിഷനിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ശക്തമായ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!