

പയ്യന്നൂര്‍: കോണ്‍ഗ്രസ് പ്രസ്ഥാനം താങ്ങാന്‍ കഴിയാത്ത പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ വി എന്‍ എരിപുരത്തെ പോലുള്ള നേതാക്കളുടെ വേര്‍പാട് ഇന്നും പാര്‍ട്ടിക്ക് തീരാനഷ്ടം തന്നെയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയും ഡി സി സി വൈസ് പ്രസിഡണ്ടും ആയിരുന്ന വി എം എരിപുരത്തിന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് വി എന്‍ എരിപുരം അനുസ്മരണ സമിതി പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും വി എന്‍ എരിപുരം പ്രഥമ സഹകാരി ശ്രേഷ്ഠ അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും സഹകരണ രംഗത്തും വി എന്‍ എരിപുരം നടത്തിയ പ്രവര്‍ത്തനം വളരെ വലുതാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ കരുത്താക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ സംവിധാനങ്ങള്‍ മാത്രമല്ല, രാജ്യത്തെ സഹകരണ മേഖല മുഴുവനും തങ്ങളുടെ കൈപ്പിടിയിലൊതുക്കി തകര്‍ക്കാനാണ് മോദിയും അമിത്ഷായും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. അതിന് തലവെച്ച് കൊടുക്കുന്ന പണിയാണ് കേരള ബാങ്ക് ഉണ്ടാക്കി പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേരള ബാങ്ക് രൂപീകരിച്ച പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ പുലിവാല്‍ പിടിച്ച പോലെ ആയെന്നും സോണി സെബാസ്റ്റ്യന്‍ പറഞ്ഞു.
മതേതരത്വത്തിനും ജനാധിപത്യ സംവിധാനങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് മോദി ഭരണം മുന്നോട്ട് പോകുന്നത്. ഐതിഹാസികമായ സമരത്തിലൂടെ നാം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഇന്ന് തകര്‍ത്ത് തരിപ്പണമാക്കുകയാണ് കേന്ദ്രത്തിലെ വര്‍ഗ്ഗീയ- ഫാസിസ്റ്റ് ഭരണകൂടം. രാജ്യം തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ മടിയില്ലാത്തവരായി മോദി- അമിത് ഷാ കൂട്ടുകെട്ട് ഭരണം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനുസ്മരണ സമിതി വൈസ് പ്രസിഡണ്ട് കെ എന്‍ വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ കെ പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഥമ സഹകാരി ശ്രേഷ്ഠ അവാര്‍ഡ് നേടിയ മുണ്ടേരി ഗംഗാധരന് സോണി സെബാസ്റ്റ്യന്‍ അവാര്‍ഡ് സമ്മാനിച്ചു.
ഡി സി സി ജനറല്‍ സെക്രട്ടറി എം കെ രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇന്‍ചാര്‍ജ് കെ വി ഭാസ്‌കരന്‍, കെ പി സി സി അംഗം എം പി ഉണ്ണികൃഷ്ണന്‍, നഗരസഭാ പ്രതിപക്ഷ നേതാവ് കെ കെ ഫല്‍ഗുനന്‍, ഡി സി സി അംഗം എം പ്രദീപ് കുമാര്‍, കോറ മംഗലം നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍, കെ എം ശ്രീധരന്‍, എന്‍ ഗംഗാധരന്‍, വി വി ഉണ്ണികൃഷ്ണന്‍, കെ എം ഉമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാവ് മുണ്ടേരി ഗംഗാധരന്‍ മറുപടി പ്രസംഗം നടത്തി.

