അസം- മിസോറം അതിര്‍ത്തി പ്രദേശത്ത് സംഘര്‍ഷം തുടരുന്നു; ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

ന്യൂഡല്‍ഹി: അസം- മിസോറം അതിര്‍ത്തിയില്‍ ജനങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നു. ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടതായി അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അസമിലെ ചാച്ചാര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് സംഘര്‍ഷം അരങ്ങേറിയത്. അന്‍പതിലേറെ പേര്‍ക്കാണ് പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ചാച്ചാര്‍ പൊലീസ് സൂപ്രണ്ടിനും പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടയില്‍ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു. സംസ്ഥാന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ടാഗ് ചെയ്ത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തു.
അമിത്ഷാ ഇരുമുഖ്യമന്ത്രിമാരുമായും ബന്ധപ്പെടുകയും പ്രശ്‌നപരിഹാരത്തിന് അടിയന്തിര ഇടപെടല്‍ നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായ വിവരം പുറത്തെത്തിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!