

തിരുവനന്തപുരം: അങ്കമാലി- ശബരി റയില്‍വെ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി തിരുവനന്തപുരത്ത് നടന്ന റയില്‍വേ ബോര്‍ഡ് മീറ്റിങ്ങില്‍ ആവശ്യപ്പെട്ടു. ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് തുടക്കമിട്ടതും ഇപ്പോള്‍ പണി മുടങ്ങികിടക്കുന്നതുമായ ശബരി റെയില്‍വേ പദ്ധതി മരവിപ്പിച്ച റയില്‍വേ ബോര്‍ഡ് തീരുമാനം പിന്‍വലിക്കണം.

1997- 98 റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയ അങ്കമാലി- ശബരി റെയില്‍പ്പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള എട്ട് കിലോമീറ്റര്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷന്‍, പെരിയാറിന് കുറുകെയുള്ള റെയില്‍വേ പാലം എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി- ശബരിപാത യാഥാര്‍ഥ്യമായാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് പുറമെ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, ഭരണങ്ങാനം എന്നിവിടങ്ങളിലേക്കും എളുപ്പം എത്തിച്ചേരാനാകും.

കൂടാതെ കേരളത്തിന് പുതിയ റെയില്‍പാത തുറന്ന് കിട്ടുകയും ഭാവിയില്‍ കൊല്ലം- ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുവാനും കഴിയും. ചാലക്കുടി മണ്ഡലത്തിലെ ആലുവ, അങ്കമാലി, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിനായി അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇവയില്‍ അങ്കമാലി, ചാലക്കുടി റയില്‍വേ സ്റ്റേഷനുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ആലുവ റയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ടെണ്ടര്‍ വിളിച്ചെങ്കിലും കരാറുകാര്‍ എത്താത്തതിനെ തുടര്‍ന്ന് നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ആലുവയില്‍ പുതിയ ടെണ്ടര്‍ വിളിച്ച് നിര്‍മ്മാണം ആരംഭിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
അങ്കമാലി ചമ്പന്നൂരില്‍ അനുവദിച്ചിട്ടുള്ള അങ്കമാലി യാര്‍ഡ് റയില്‍വേ മേല്‍പ്പാലത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കണം. കേരളത്തിലെ റെയില്‍വേ വികസനത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളത് ഓട്ടോമാറ്റിക് സിഗ്‌നലിങ്ങും റയില്‍വേ ലൈനിലെ വളവ് നിവര്‍ത്തലുമാണ്. കേരളത്തില്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ് ഏര്‍പ്പെടുത്തുന്നതിനും റയില്‍വേ ലൈനിലെ വളവുകള്‍ നിവര്‍ത്തുന്നതിന് ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരും റെയില്‍വേ ബോര്‍ഡും സംയുക്ത യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം.
മുന്‍പ് പലവട്ടം സര്‍വേ നടത്തിയിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത ഇടപ്പള്ളി- തിരൂര്‍ തീരദേശ റെയില്‍വേ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

