

കാലടി: അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിവരുന്ന വിധവകള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്ന അമ്മക്കിളിക്കൂട് പദ്ധതിയില്‍ രണ്ടു പെണ്‍ കുട്ടികളുടെ മാതാവായ പാറപ്പുറം കഴക്കോട്ടില്‍ മേരി ടോമിയുടെ വീടിന്റെ ശിലാസ്ഥാപനം നടത്തി.

കാഞ്ഞൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍ അന്‍വര്‍ സാദത്ത് എം എല്‍ എയെ സമീപിച്ച് മേരി ടോമിക്ക് വീടിനായി അഭ്യര്‍ഥിച്ചെങ്കിലും സ്വന്തമായി സ്ഥലമുള്ളവര്‍ക്കാണ് വീട് നിര്‍മിച്ചു കൊടുക്കുന്നത് എന്നതിനാല്‍ അനുവദിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. വീടിന് സ്ഥലം ലഭ്യമാക്കിയാല്‍ ഭവനം നിര്‍മ്മിച്ച് നല്കാമെന്ന് എം എല്‍ എ ഉറപ്പു നല്‍കുകയും ചെയ്തു.

ഗ്രേസി ദയാനന്ദന്‍ കാഞ്ഞൂരിലെ സി എം സി കോണ്‍വെന്റിലെ സിസ്റ്റര്‍മാരെ സമീപിച്ച് മേരിക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കിയാല്‍ ഭവനം നിര്‍മ്മിച്ച് നല്കാമെന്ന എം എല്‍ എയുടെ വാഗ്ദാനം അവരെ ധരിപ്പിച്ചു. എം എല്‍ എയില്‍ നിന്നും വീടിനുള്ള ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി എം സി കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍ കോണ്‍വെന്റിന്റെ സ്വന്തം സ്ഥലത്തു നിന്നും മൂന്നു സെന്റ് ഭൂമി മേരി ടോമിയുടെ പേരില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്തു നല്കി സഹായിക്കുകയായിരുന്നു.
അമ്മക്കിളിക്കൂടില്‍ ഒരു ഭവനം സ്‌പോണ്‍സര്‍ ചെയ്തു നിര്‍മ്മിച്ചു നല്കാമെന്ന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് അന്‍വര്‍ സാദത്ത് എം എല്‍ എയ്ക്ക് നേരത്തെ ഓഫര്‍ നല്കിയിട്ടുണ്ടായിരുന്നു. മേരി ടോമിക്ക് കോണ്‍വെന്റില്‍ നിന്നും ഭൂമി രജിസ്റ്റര്‍ ചെയ്തു ലഭിച്ച വിവരം ഗ്രേസി ദയാനന്ദന്‍ എം എല്‍ എയെ അറിയിച്ചു.
വീടു പണിയുന്നതിന് സ്ഥലം ലഭിച്ച സാഹചര്യത്തില്‍ വീടനുവദിക്കാമെന്നു നല്‍കിയ ഉറപ്പു പാലിക്കുമെന്ന് എം എല്‍ എ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് വാഗ്ദാനം ചെയ്ത വീട് മേരി ടോമിക്കായി അമ്മക്കിളിക്കൂടില്‍ നിന്നും അനുവദിക്കുകയായിരുന്നു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത മേരി ടോമിക്ക് കാഞ്ഞൂര്‍ സി എം സി കോണ്‍വെന്റ് നിന്നും സൗജന്യമായി ലഭിച്ച ഭൂമിയില്‍ നിര്‍മ്മിക്കുന്ന അമ്മക്കിളിക്കൂടിലെ 56-മത് ഭവനത്തിന്റെ ശിലാസ്ഥാപനം കാഞ്ഞൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മഠത്തികുടിയില്‍ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി യു രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ഈ കല്ലിടല്‍ നടന്നതിലൂടെ വളരെ പ്രത്യേകത നിറഞ്ഞ സംഭവമാണ് അരങ്ങേറിയത്. സി എം സി കോണ്‍വെന്റ് സൗജന്യമായി നല്‍കിയ ഭൂമിയില്‍ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് സ്‌പോണ്‍സര്‍ ചെയ്തു ഭവനം നിര്‍മ്മിക്കുമ്പോള്‍ അതിന് കരണക്കാരനായത് അന്‍വര്‍ സാദത്ത് എം എല്‍ എ ആകുമ്പോള്‍ അതു മത സൗഹാര്‍ദ്ദഹത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായി.
മത സൗഹാര്‍ദ്ദത്തിലൂടെ സാഹോദര്യം ഊട്ടി ഉറപ്പിക്കുന്നതിന് ഈ കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ കാര്യമാണ് അന്‍വര്‍ സാദത്ത് എം എല്‍ എ അമ്മക്കിളിക്കൂട് പദ്ധതിയിലെ 56-ാമത് വീട് വിധവയും രണ്ടു പെണ്‍ കുട്ടികളുടെ മാതാവുമായ മേരി ടോമിക്കായി നിര്‍മ്മിച്ച് നല്‍കുന്നതിലൂടെ നിറവേറ്റിയത്.
അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജൂ സ്വാഗതം പറയഞ്ഞു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രസൂണ്‍, കിഴക്കുംഭാഗം ഉണ്ണി മിശിഹാ പള്ളി വികാരി ഫാ. സുബാഷ് മാളിയേക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എന്‍ കൃഷ്ണകുമാര്‍, ഗ്രേസി ദയാനന്ദന്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ പ്രിയ രഘു, സരിത ബാബു, പഞ്ചായത്ത് അംഗം എം വി സത്യന്‍, മുന്‍ അംഗം എം ഐ ദേവസ്സി കുട്ടി, സിസ്റ്റര്‍ നൈബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് അംഗം സിമി ടിജോ നന്ദി പറഞ്ഞു.
വീട് നിര്‍മ്മിക്കുന്നതിനുള്ള തുകയുടെ ചെക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രസൂണ്‍ അന്‍വര്‍ സാദത്ത് എം എല്‍ എക്ക് ചടങ്ങില്‍ കൈമാറി.

